തിരുവനന്തപുരം: ചാണ്ടി ഉമ്മൻ ഇന്ന് നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. ചോദ്യോത്തര വേളക്ക് ശേഷം രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞയുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്ക് എത്തുക. പുതുപ്പള്ളിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്കെത്തുന്നത്.
കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 14,726 അധികവോട്ടാണ് ഇക്കുറി ചാണ്ടി ഉമ്മന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസിന് 12,684 വോട്ടുകൾ കുറഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ജെയ്കിന് ചാണ്ടി ഉമ്മനെ മറികടക്കാൻ സാധിച്ചിരുന്നില്ല. പുതുപ്പള്ളിയെ 53 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മൻറെ ജയം എന്നതും ശ്രദ്ധേയമാണ്.












