ഹൈദരാബാദ്; ബിരിയാണിക്കൊപ്പം തൈര് കൂടുതൽ ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്ന് ഹോട്ടൽ ജീവനക്കാർ.ഹൈദരാബാദിലെ പഞ്ചഗുട്ടയിലെ മെറിഡിയൻ റെസ്റ്റോറന്റിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 32കാരനായ ലിയാഖത്ത് ആണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവാവ് മൂന്നു പേർക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. കൂടുതൽ തൈര് ചോദിച്ചതോടെ തർക്കം ഉടലെടുക്കുകയും ജീവനക്കാർ മർദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. സംഘർഷം നടക്കുന്നതായി അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛർദിക്കാൻ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.










