കൊച്ചി : മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കളിയാക്കുന്നവര്‍ക്കെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി രാഷ്ട്രീയ പ്രവര്‍ത്തകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ നുസൃത് ജഹാന്. കുമ്മനം രാജശേഖരന് എന്ന കര്‍മ്മ യോഗിയുടെ വലിപ്പം മനസ്സിലാക്കാന്‍ കുമ്മോജി എന്ന് കളിയാക്കി വിളിക്കുന്ന ചൊറിത്തവളകള്‍ക്ക് കഴിയില്ല. സമാധാനപരമായ സമരങ്ങളിലൂടെ നിരവധി അനീതികള്‍ക്കെതിരെ പ്രതികരിക്കുകയും മാറ്റങ്ങള്‍ കൊണ്ടു വരികയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹമെന്നും അവര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് നുസൃതിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
1983 മാര്‍ച്ച് 24ന് ശബരിമല പൂങ്കാവനത്തില്‍ പെട്ട നിലയ്ക്കലില്‍ ആരോ ഒരു കല്‍ക്കുരിശു സ്ഥാപിച്ചു. ഏഡി 52 ല്‍ സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളിയായ നിലയ്ക്കല്‍ പള്ളിയാണിത് എന്ന വ്യാപകമായ പ്രചാരണം നടന്നു.
ശബരിമല ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ് റോഡ് എന്നും നിലയ്ക്കല്‍ മലയ്ക്ക് സെന്റ് തോമസ് മൗണ്ട് എന്നും പേരിട്ട ബോര്‍ഡുകള്‍ ഉയര്‍ന്നു. നിലയ്ക്കല്‍ ജംഗ്ഷനില്‍ വലിയൊരു കമാനമുയര്‍ന്നു-സ്ലീബാനഗര്‍!
1983 മാര്‍ച്ച് 25 രാവിലെ പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം കുമ്മനം രാജശേഖരന് എന്ന കര്‍മ്മയോഗി നിലയ്ക്കല്‍ കയ്യേറ്റത്തിനെതിരെ സമരം തുടങ്ങി. പലരും ആശങ്കപ്പെട്ടത് പോലെ വര്‍ഗ്ഗീയ ലഹളയോ കലാപമോ ഉണ്ടായില്ല.
ഏഴുമാസം നീണ്ട സമരപരമ്പരകള്‍ക്കൊടുവില്‍ നവംബര്‍ 15ന് കുരിശ് ആരോരുമറിയാതെ അപ്രത്യക്ഷമായി. സമാധാനപരമായ സമരത്തിലൂടെ ഒരു അനീതി തിരുത്തപ്പെട്ടു.
പൂന്തുറയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. സര്‍വതും നഷ്ടപ്പെട്ട 87 മത്സ്യതൊഴിലാളികള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.
മാറാട് കടപ്പുറത്ത് മരിച്ചുവീണ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വേദന കേരളത്തിലെ മുഴുവന്‍ ജനതയുടേയും വികാരത്തിന്റെ ഭാഗമാക്കി മാറ്റിയത് കുമ്മനം നേതൃത്വം നല്കിയ പ്രക്ഷോഭമാണ്. എട്ടു നിരപരാധികളുടെ ജീവന് ഒടുക്കിയ നരാധമത്വത്തിനെതിരായ പ്രക്ഷോഭം ഒരിക്കലും സമാധാനഭഞ്ജനം ഉണ്ടാക്കിയില്ല. വികാരങ്ങള്‍ അലകടലായി ആര്‍ത്തിരമ്പിയപ്പോഴും അതിനെ അതിജീവിച്ച് ഒരുതുള്ളി ചോര കിനിയാതെയാണ് പ്രക്ഷോഭം വിജയം കണ്ടത്. കുമ്മനത്തിന്റെ നേതൃപാടവം കേരളം കണ്ട ഒരു സംഭവമായിരുന്നു അത്.
തൃശൂരിനടുത്ത് പാലാഴി ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെയും ഇളവൂര്‍ തൂക്കത്തിലെ അനാചാരങ്ങള്‍ക്കെതിരെയും പ്രതികരിച്ച കുമ്മനത്തെയും പിന്നീട് കേരളം കണ്ടു.
ഇനിയും ഏറെ പറയാനുണ്ട്. ‘കുമ്മോജി’ എന്ന പരിഹാസം ചൊരിയുന്ന ചൊറിത്തവളകള്‍ക്ക് അളക്കാനാകാത്ത വലിപ്പം കുമ്മനം രാജശേഖരന് എന്ന കര്മ്മയോഗിക്കുണ്ട് എന്ന് മാത്രം ചൂണ്ടിക്കാട്ടി അവസാനിപ്പിക്കുന്നു.
Discussion about this post