മുംബൈ : ന്യൂയോർക്കിൽ അവധിക്കാലം ചെലവഴിച്ചതിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. മകൾ റാഹയുമൊത്ത് സമയം ചെലവഴിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് എന്നാണ് ആലിയ വെളിപ്പെടുത്തുന്നത്. ന്യൂയോർക്കിൽ വച്ച് മകളുമായി ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. എന്നാൽ ഈ കാര്യങ്ങൾ ഇന്ത്യയിൽ നടക്കില്ലെന്നും ആലിയ വെളിപ്പെടുത്തി.
മകൾ റാഹയും ഒന്നിച്ച് പാർക്കിലും ഷോപ്പിംഗിനുമെല്ലാം പോകുന്നതിനെ കുറിച്ചാണ് ആലിയ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ മകളോടൊപ്പം പുറത്തുപോകാനും സമയം ചെലവഴിക്കാനും കഴിയില്ല. വിദേശത്ത് അധികമാരും തിരിച്ചറിയാത്തതിനാൽ ഇത്തരം ലളിതമായ കാര്യങ്ങളെല്ലാം സന്തോഷത്തോടുകൂടി ചെയ്യാൻ കഴിയുമെന്നാണ് ആലിയ പറയുന്നത്.
സാധാരണയായി സമൂഹമാദ്ധ്യമങ്ങളിൽ പോലും ആലിയ ഭട്ട് കുഞ്ഞിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്താറില്ല. കുട്ടിയുടെ ഫോട്ടോകളും ഇവർ പങ്കുവെക്കാറില്ല. മാതൃത്വം തന്നിൽ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് മുൻപും ആലിയ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഗംഗുഭായ് കത്യവാടിയിലെ അസാധാരണ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു.









