ന്യൂഡൽഹി : വനിതാ ക്യാബിൻ ക്രൂവിന്റെ യൂണിഫോമിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. 60 വർഷത്തോളമായി സാരി ധരിച്ച് കാണുന്ന ക്യാബിൻ ക്രൂവിനെ ഇനി ചുരിദാർ പോലെയുള്ള ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളിൽ കാണാൻ കഴിയുന്നതാണ്. എന്നാൽ സാരി പൂർണമായും ഒഴിവാക്കില്ലെന്നും റിപ്പോർട്ട് ഉണ്ട്. ഈ വർഷം അവസാനത്തോടെ പുതിയ യൂണിഫോം പുറത്തിറക്കും.
പ്രശസ്ത ബോളിവുഡ് ഡിസൈനർ ആയ മനീഷ് മൽഹോത്ര ആണ് എയർ ഇന്ത്യയുടെ വനിത ജീവനക്കാർക്കുള്ള പുതിയ യൂണിഫോം ഡിസൈൻ ചെയ്യുന്നത്. സാരികൾ പൂർണ്ണമായും നിർത്തലാക്കില്ലെന്നും യൂണിഫോമിൽ റെഡി-ടു-വെയർ സാരികൾ ഉൾപ്പെടുമെന്നും സൂചനയുണ്ട്. വസ്ത്രധാരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് റെഡി ടു വെയർ സാരികൾ യൂണിഫോമിന്റെ ഭാഗമാക്കുന്നതെന്ന് പറയപ്പെടുന്നു.
കമ്പനിയുടെ റീബ്രാൻഡിംഗിന്റെ ഭാഗമായി കഴിഞ്ഞ മാസം എയർ ഇന്ത്യ ഒരു പുതിയ ലോഗോയും പുറത്തിറക്കിയിരുന്നു. എയർ ഇന്ത്യയുടെ ഐക്കണിക് മഹാരാജാ ഭാഗ്യചിഹ്നത്തിന്റെ ഒരു ആധുനിക രൂപമാണ് പുതിയ ലോഗോയിൽ ഉള്ളത്. ചുവപ്പ്, വെള്ള, പർപ്പിൾ നിറങ്ങളിൽ തീർത്ത പുതുമയാർന്ന ഡിസൈൻ ആണ് ഈ ലോഗോയുടെ പ്രത്യേകത. പുതിയ ലോഗോ “പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നു” എന്നാണ് ലോഗോ പുറത്തിറക്കിക്കൊണ്ട് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കിയത്.
Discussion about this post