പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടയും തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നുംതന്നെ ഉണ്ടാവില്ല.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് 18ന് നടക്കും. നറുക്കെടുപ്പിൽ ശബരിമലയിലേയ്ക്ക് 17 പേരും മാളികപ്പുറത്തേയ്ക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വർമയും നറുക്കെടുക്കും.
ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് അത് ശബരിമല ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയശേഷം അതിൽ നിന്നാണ് പുതിയ മേൽശാന്തിയെ നറുക്കെടുക്കുക.
തുലാമാസ പൂജകളുടെ ഭാഗമായി ഒക്ടോബർ 17 മുതൽ 22 വരെ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിലും പമ്പയിലും ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
22 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട നവംബർ 10 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 11ന് ആണ് ആട്ട ചിത്തിര. അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാൽ പിന്നെ മണ്ഡലകാല മഹോൽസവത്തിനായി നവംബർ 16 ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക.നവംബർ 17 ന് ആണ് വൃശ്ചികം ഒന്ന്.
Discussion about this post