കൊച്ചി: പെരുമ്പാവൂരിൽ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.വിവിധ ഭാഷാ തൊഴിലാളികളുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെയാണ് ഇതര സംസ്ഥാനക്കാരൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പെരുമ്പാവൂർ പോലീസിൽ ഏൽപ്പിച്ചു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെരുമ്പാവൂർ മേഖലയിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയ രണ്ടാമത്തെ സംഭവമാണിത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കുഞ്ഞിൻറെ മാതാപിതാക്കളും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്തായിരുന്നു പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സഹോദരങ്ങളായ മറ്റ് രണ്ട് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരിയെ ഒഡീഷ സ്വദേശി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വച്ചു.
ഇതേതുടർന്ന് കുട്ടിയെ നിലത്ത് നിർത്തിയ പ്രതി, കുട്ടിയുടെ കൈവശം ഇരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.
Discussion about this post