ഇംഫാൽ: മണിപ്പൂരിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. ചിങ്ങ് തം ആനന്ദ് എന്ന പോലീസുകാരനാണ് മൊറേയിൽ കൊല്ലപ്പെട്ടത്.
മോറെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ചിങ്ങം ആനന്ദ് അതിർത്തി പട്ടണത്തിലെ ഈസ്റ്റേൺ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എസ്ഡിപിഒയെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉദ്യോഗസ്ഥനെ കുക്കി സായുധ സേനയാണ് കൊലപ്പെടുത്തിയതെന്നും അല്ല, തീവ്രവാദികളാണ് കൊലപ്പെടുത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.
ആനന്ദിന്റെ മരണത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ദുഃഖം പ്രകടിപ്പിച്ചു. ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം എന്നും ഓർമ്മിക്കപ്പെടും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.










