എറണാകുളം: കെടിഡിഎഫ്സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) നിക്ഷേപകരുടെ കുടിശ്ശിക തീര്‍ക്കാനുള്ള പണം കണ്ടെത്താനായി കെഎസ്ആര്‍ടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകള്‍ വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ധനകാര്യവകുപ്പാണ് ഷോപ്പിങ് കോംപ്ലക്‌സുകള്‍ വില്‍ക്കാന്‍ കോര്‍പ്പറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് ഷോപ്പിങ് കോംപ്ലക്‌സുകളിൽ രണ്ടെണ്ണം വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്ത് നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്താനാണ് നിര്‍ദ്ദേശം. കെടിഡിഎഫ്സി സമാഹരിച്ച പണത്തിന്റെ വലിയ പങ്കും കെഎസ്ആര്‍ടിസിയ്ക്കാണ് വായ്പയായി നല്‍കിയിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് കാണിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നാടിനെ മോശമാക്കുന്നതാണ് സർക്കാരിന്റെ സത്യവാങ്മൂലമെന്ന് വിമർശിച്ച കോടതി, സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്നാണ് സംശയമുന്നയിച്ചത്. അത്തരമൊരു അവസ്ഥ സംസ്ഥാനത്ത് ഉണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിയ്ക്കുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
Discussion about this post