ന്യൂഡല്‍ഹി : യുഎഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിജയകരമായതിനെ തുടര്‍ന്ന് മറ്റ് ജിസിസി രാജ്യങ്ങളുമായും കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യയുടെ സുപ്രധാന കയറ്റുമതി വിപണികളാണ് ജിസിസി രാഷ്ട്രങ്ങള്‍. യുഎഇക്ക് ശേഷം ഇന്ത്യ ഏര്‍പ്പെടുന്ന മേഖലയിലെ രണ്ടാമത്തെ വ്യാപാര ഉടമ്പടിയായിരിക്കും ഇത്.
ഇന്ത്യയിലേയും ജിസിസി രാജ്യങ്ങളിലേയും കയറ്റുമതി-ഇറക്കുമതി വ്യാപാരികള്‍ക്ക് വന്‍ നേട്ടമാകുന്ന സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ ഇത് ധാരാളം ഇന്ത്യന്‍ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും വിസയില്‍ ഇളവുകള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവ ഉള്‍പ്പെടുന്ന ആറ് ജിസിസി രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിര്‍ദ്ദിഷ്ട കരാറുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ് ഇന്ത്യ. എന്നാല്‍ ചില വിഭാഗങ്ങളില്‍ വിമുഖത ഉണ്ടായത് ചെറിയ കാലതാമസത്തിന് വഴിയൊരുക്കുകയും ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ പുനഃനാരംഭിച്ചിരിക്കുന്നത്.
ജിസിസി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5100 കോടി ഡോളറിന് മുകളിലാണ്. എണ്ണ ഉല്‍പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍, രാസവസ്തുക്കള്‍, ധാന്യങ്ങള്‍ എന്നിവ ഇന്ത്യയുടെ മുന്‍നിര കയറ്റുമതി ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയം 2022-23 കാലയളവില്‍ ഇറക്കുമതിയുടെ മൂല്യം 13,300 കോടി ഡോളറും ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇത് 3900 കോടി ഡോളറുമാണ്.
Discussion about this post