ബംഗളൂരു: കർണാടകയിൽ സ്കൂൾ വിദ്യാർത്ഥിയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയ സംഭവത്തിൽ 17കാരനും പിതാവിനുമെതിരെ കേസ്. ചിത്രദുർഗ ജില്ലയിലെ പരശുരാമപുരത്താണ് സംഭവം. മതപരിവർത്തനത്തിന് ഇരയായ കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് നടപടി.
നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ കുട്ടിയും 17 കാരനും ഒന്നിച്ചാണ് പഠിക്കുന്നത്. ഇരുവരും സുഹൃത്തുക്കളാണ്. ചല്ലക്കരയിലുള്ള പ്രീ യൂണിവേഴ്സിറ്റിയിലാണ് ഇരുവരും. അടുത്തിടെ കുരുബ വിഭാഗത്തിൽപ്പെട്ട കുട്ടി ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നത് നിർത്തുകയും, ദസറയുൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പരാതിക്കാരനായ പിതാവ് കുട്ടിയുടെ ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. ബാഗിൽ നിന്നും നമാസ് തൊപ്പി ധരിച്ച് കുട്ടി പ്രാർത്ഥന നടത്തുന്നതിന്റെ ചിത്രം പിതാവിന് ലഭിച്ചു. ഇതോടെ അദ്ദേഹം മറ്റ് വിദ്യാർത്ഥികളോട് കാര്യം തിരക്കുകയായിരുന്നു.
17 കാരനും പിതാവും ചേർന്ന് കുട്ടിയെ പ്രദേശത്തെ മസ്ജിദിൽ എത്തിച്ച് മതം മാറ്റിയതായി ഇയാൾക്ക് വ്യക്തമായി. പിന്നീട് കുട്ടിയുടെ മുറിയും മൊബൈൽ ഫോണും പരിശോധിച്ചു. ഇതിൽ നിന്നും ഇസ്ലാമിക പ്രാർത്ഥനകളും, ലഹരി ഉപയോഗത്തിന്റെ വിവരങ്ങളും ലഭിക്കുകയായിരുന്നു. ഇതോടെ പോലീസിൽ പരാതി നൽകി. പ്രദേശത്ത് സൈക്കിൽ നേരാക്കുന്ന കട നടത്തിവരികയാണ് 17 കാരന്റെ പിതാവ്.
നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരം ആണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിയമത്തിലെ 5ാം വകുപ്പ് പ്രകാരമാണ് കേസ്. ആദ്യമായാണ് ഈ നിയമ പ്രകാരം സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
Discussion about this post