ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതിനാൽ ഡൽഹിയിലേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചു വിട്ട് വിസ്താര എയർലൈൻസ്. അഹമ്മദാബാദ്- ഡൽഹി യുകെ906 വിമാനം, യുകെ954 മുംബൈ- ഡൽഹി വിമാനം എന്നിവയാണ് വഴിതിരിച്ചു വിട്ടിരിക്കുന്നത്. അഹമ്മദാബാദ്- ഡൽഹി വിമാനം തിരികെ അഹമ്മദാബാദിലേക്കും, മുംബൈ- ഡൽഹി വിമാനം ജയ്പൂരിലേക്കുമാണ് വഴിതിരിച്ചു വിട്ടിരിക്കുന്നത്.
കനത്ത പുകയും മൂടൽമഞ്ഞും നിമിത്തം കാഴ്ച മങ്ങിയതിനാലാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടതെന്ന് അധികൃതർ അറിയിച്ചു. വളരെ മോശമായ അവസ്ഥയിൽ നിന്നും ഗുരുതരമായ അവസ്ഥയിലേക്ക് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് സ്ഥിതി മെച്ചപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു.
ഡൽഹിയിലെ വായു മലിനീകരണ തോത് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി അല്ലാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിനും മലിനീകരണം ഉണ്ടാക്കുന്ന ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post