തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച കേരളത്തിൽ. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ് ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. അടുത്ത ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.
ജനുവരി 17 ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വൈകീട്ട് കൊച്ചിയിൽ വിമാനം ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. പിറ്റേ ദിവസം രാവിലെ ഗുരുവായൂരിൽ എത്തുന്ന അദ്ദേഹം മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. കൂടാതെ ക്ഷേത്രദർശനവും നടത്തും. ശേഷം അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങും.
കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷം വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന കർമ്മവും അദ്ദേഹം നിർവ്വഹിക്കും. ബുധനാഴ്ച വൈകീട്ടോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരിക്കും.
ഈ മാസത്തെ രണ്ടാമത്തെ കേരള സന്ദർശനമാണ് പ്രധാനമന്ത്രിയുടേത്. ഈ മൂന്നിന് പ്രധാനമന്ത്രി തൃശ്ശൂരിൽ എത്തിയിരുന്നു. ഇവിടെ നടന്ന സ്ത്രീ ശക്തി മോദിയ്ക്കൊപ്പം എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തിയത്. റോഡ്ഷോയിൽ ഉൾപ്പെടെ പങ്കെടുത്ത് കേരള ജനതയെ ആവേശത്തിലാഴ്ത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
Discussion about this post