കോഴിക്കോട് : പ്രണയബന്ധം എതിർത്തതിൽ ഉള്ള പക മൂലം പിതാവിനെതിരെ വ്യാജ പോക്സോ കേസ് നൽകി പെൺകുട്ടി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പിതാവ് എട്ടു വയസു മുതൽ തന്നെ പീഡിപ്പിക്കുന്നതായി കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് പെൺകുട്ടിയുടെ പരാതി വ്യാജമാണെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സത്യാവസ്ഥ ബോധ്യമായ ഹൈക്കോടതി കേസ് റദ്ദാക്കി.
പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി സുഹൃത്തായ യുവാവുമായി പ്രണയത്തിൽ ആണെന്നും ചൂഷണത്തിന് ഇരയായി എന്നും മനസ്സിലാക്കിയ കുട്ടിയുടെ പിതാവ് തൊട്ടിൽപാലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തെ തുടർന്നുള്ള വൈരാഗ്യം മൂലം പിതാവിനെതിരെ പോക്സോ കേസ് നൽകാനായി സുഹൃത്തായ യുവാവ് പെൺകുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു. തുടർന്ന് എട്ടാം വയസ്സു മുതൽ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
പെൺകുട്ടി നൽകിയ കേസിൽ സംശയം പ്രകടിപ്പിച്ച കോടതി ലീഗൽ സർവീസ് കമ്മിറ്റിയുടെ ഫാമിലി കൗൺസിലിംഗ് സെന്ററിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. വിക്ടിം റൈറ്റ് സെന്റർ പ്രൊജക്റ്റ് കോർഡിനേറ്ററും പെൺകുട്ടിയുടെ അമ്മയും നൽകിയ സത്യവാങ്മൂലങ്ങൾ പരിഗണിച്ചാണ് കോടതി പെൺകുട്ടി നൽകിയ കേസ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ പോക്സോ കേസ് റദ്ദ് ചെയ്യുക എന്ന അസാധാരണ നടപടിയിലേക്ക് ഹൈക്കോടതി കടക്കുകയായിരുന്നു. നാദാപുരം സ്പെഷ്യൽ കോടതിയിൽ നടക്കുന്ന കേസിന്റെ നടപടികളും അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post