എറണാകുളം: എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് തൃപ്പൂണിത്തുറയില്‍ വച്ച് നടക്കും.
കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാള സാഹിത്യത്തിനു നല്‍കിയിട്ടുണ്ട്. യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചില്‍, കുട്ടിത്തിരുമേനി എന്നിങ്ങനെ നിരവധി സംഭാവനകൾ സാഹിത്യ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ‘യജ്ഞം’ നോവലിന് അതേപേരില്‍ ചെറുമകള്‍ കെ. രഞ്ജന ദൃശ്യഭാഷ്യമൊരുക്കിയിരുന്നു. ജനിക്കുന്നതിനുമുന്നെ മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭ്രഷ്ടും ചെറുപ്രായത്തിലുള്ള വൈധവ്യവുമെല്ലാം തുറന്നുകാട്ടുന്ന ചിത്രമായിരുന്നു ‘യജ്ഞം’.
സാഹിത്യ അക്കാദമി അവാര്‍ഡ്, ‘നിര്‍മല’ കഥയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കുങ്കുമം അവാര്‍ഡ്, നാലപ്പാടന് നാരായണ മേനോന് അവാര്‍ഡ്, വി.ടി അവാര്‍ഡ്, ജ്ഞാനപ്പാന അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്കാരം എന്നിവ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് വെള്ളക്കാട്ടുമനയിൽ വിഎംസി നാരായണൻ ഭട്ടത്തിപ്പാടിന്റെയും ഗൗരി അന്തർജനത്തിന്റെയും മകളായി 1940 മെയ് ഒന്നിനാണ് ശ്രീദേവി ജനിച്ചത്. വണ്ടൂര്‍ വിഎംസി ഹൈസ്കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 13-ാം വയസിൽ ഒരുപക്ഷിയുടെ മരണത്തേക്കുറിച്ചായിരുന്നു ആദ്യ കഥ. പതിനാറാം വയസ്സില്‍ ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിനെ വിവാഹം ചെയ്തു.
Discussion about this post