തിരുവനന്തപുരം : വണ്ടിപ്പെരിയാർ കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് പ്രതിപക്ഷം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട അന്നുമുതൽ പ്രതിയെ രക്ഷിക്കാനായി സിപിഎമ്മിന്റെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. വണ്ടിപ്പെരിയാർ കേസിൽ അപ്പീൽ നൽകുകയല്ല പുനരന്വേഷണം നടത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെവിട്ട സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎ സണ്ണി ജോസഫ് ആണ് നിയമസഭയിൽ അടിയന്തര പ്രമേയം നൽകിയത്. സിപിഎം ബന്ധമുള്ള പ്രതിയായതിനാൽ പോലീസും പ്രോസിക്യൂഷനും സംഭവത്തിൽ വീഴ്ച വരുത്തി എന്നാണ് പ്രതിപക്ഷ ആരോപണം. കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന കേസ് ആയതിനാൽ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. കമ്മ്യൂണിസ്റ്റ് പാർട്ടി വാരിക്കുന്തവുമായി പ്രതികളെ സംരക്ഷിക്കാൻ കാത്തു നിൽക്കുന്നവരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വണ്ടിപ്പെരിയാർ കേസിൽ പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ശ്രമിച്ചതിൽ പ്രതിയും ഉണ്ടായിരുന്നു. പ്രതി സിപിഎംകാരനാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് മനപ്പൂർവ്വം തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഇരയുടെ പിതാവും മുത്തശ്ശനും ആക്രമിക്കപ്പെടുന്നു. ഇവരെ ആക്രമിച്ചവരും ഓടിക്കയറുന്നത് സിപിഎം പാർട്ടി ഓഫീസിലേക്ക് ആണ് എന്നും വി ഡി സതീശൻ വ്യക്തമാക്കി.
Discussion about this post