കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിന് പിന്നാലെ മേഖലയിലെ മത്സ്യത്തൊഴിലാളികളും ജനങ്ങളും ആശങ്കയിലാണ്. അപകടവും എണ്ണ ചോർച്ചയും കേരളതീരത്തെ മത്സ്യങ്ങളുടെ ലഭ്യതയേയും മത്സ്യബന്ധനത്തേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. മീൻ കൂട്ടിയുള്ള ഊണ് സാധ്യമാകുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.
നിലവിൽ ഈ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസർ ചെയർ ഡോ. വിഎൻ സഞ്ജീവൻ. 365 ടൺ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളത്. സംഭവത്തിന് പിന്നാലെ തന്നെ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലകളിൽ മീൻപിടിത്തം തടഞ്ഞിട്ടുണ്ട്. സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശനങ്ങളില്ലെന്നും മുൻകരുതലുകൾ മാത്രം മതിയെന്നും കുഫോസ് വിശദമായ പഠനം നടത്തുന്നുണ്ടെന്നും വിഎൻ സഞ്ജീവൻ പറഞ്ഞു.
ഇന്ധനം ചോർന്നാൽ ആദ്യം കടലിന്റെ ഉപരിതലത്തിലാണ് കാണപ്പെടുക. ഇത് ഉപരിതലത്തിലെ മത്സ്യങ്ങളെ ബാധിച്ചേക്കാം. പക്ഷ, വ്യാപകമായ എണ്ണവ്യാപനമാണെങ്കിൽ വലിയ മത്സ്യങ്ങൾ ആ പ്രദേശം ഒഴിവാക്കുകയാണ് പതിവ്. മലിനീകരണമുണ്ടെങ്കിൽ വലിയ മത്സ്യങ്ങൾ ആ പ്രദേശത്ത് നിൽക്കില്ല. അതേസമയം, വ്യാപിക്കുന്ന എണ്ണ അവിടെ വളരെക്കാലം നിലനിൽക്കുകയും ചെയ്യും. തുടക്കത്തിൽ ഒരു പാടയായി കാണപ്പെടുന്ന ഇത് പിന്നീട് വെള്ളത്തിൽ മെഴുക്ക് (വാക്സ്) പോലെ രൂപപ്പെടും. ആരോമാറ്റിക് ഹൈഡ്രോ കാർബൺ പല ജീവികളും ആഗിരണം ചെയ്യുകയാണ് പതിവ്. അത് ഭക്ഷണത്തിലൂടെയാകാം അല്ലെങ്കിൽ ശരീരത്തിലൂടെ ആഗിരണം ചെയ്യപ്പെടാം. മത്സ്യങ്ങൾ ഭക്ഷണമാക്കുന്ന പ്ലവകങ്ങളും മറ്റും ജലത്തിന്റെ ഉപരിതലത്തിലാണുള്ളത്. എണ്ണ ഉപരിതലത്തിലുണ്ടെങ്കിൽ ഇവയിൽ പറ്റിപിടിക്കാൻ സാധ്യതയുണ്ടെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ. ബിജുകുമാർ പറയുന്നു.
അധികം വരുന്ന എണ്ണ ടാർബോളുകളായി- പാരഫിനാണ് അത്- സമുദ്രത്തിന്റെ അടിയിൽ നിക്ഷേപിക്കപ്പെടാം. ഇങ്ങനെ രൂപപ്പെടുന്ന പാരഫിൻ ബോളുകൾ വളരെ ദൂരത്തിൽ വ്യാപിക്കുകയും പല സമുദ്രജീവികളും ആഹാരമാക്കുകയും ചെയ്യും. അവിടെയുള്ള കക്ക, ചെമ്മീൻ എന്നിവയെ സാരമായി ബാധിക്കും. ടാർ ബോളുകൾ ദീർഘകാലം രൂപമാറ്റമില്ലാതെ തുടരുകയും പലയിടത്തായി വ്യാപിക്കുകയും ചെയ്യും. ഇതാണ് ഏറ്റവും കൂടുതൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ഇത് സമുദ്രത്തിൽ പടരുന്നത് തടയുക എന്നതാണ് നിലവിൽ ചെയ്യുന്നത്. കൂടുതൽ സ്ഥലത്ത് വ്യാപിക്കാതെ ഒരു പ്രത്യേക സ്ഥലത്ത് ഇത് നിയന്ത്രിച്ചു നിർത്താൻ സാധിച്ചാൽ അതിന്റെ ആഘാതം ലഘൂകരിക്കാം.
സാധാരണ എണ്ണചോർച്ച നടന്നിട്ടുള്ള സന്ദർഭങ്ങളിൽ മത്സ്യബന്ധനം താൽക്കാലികമായി നിരോധിക്കാറുണ്ട്. മത്സ്യം കഴിക്കുന്നതും വിലക്കും. എന്നാൽ ഇവിടെ എണ്ണചോർച്ചയുടെ സാഹചര്യങ്ങളൊന്നും വലുതായി കാണാനായിട്ടില്ല.ആ പ്രദേശത്തെ എല്ലാ ജീവജാലങ്ങളേയും നിരീക്ഷിക്കുക എന്നതാണ് പൊതുവിൽ ചെയ്യേണ്ടത്. എത്ര അളവിൽ ഇത് വ്യാപിക്കുന്നു എന്നതും പ്രധാനമാണ്. ചെറിയ അളവിലാണെങ്കിൽ മനുഷ്യജീവന് വിനാശകരമാവുന്ന തരത്തിലുള്ള വിഷം ഉണ്ടാകാനുള്ള സാധ്യതയില്ല. പക്ഷേ, അക്യുമിലേഷൻ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അത് ദീർഘകാലത്തേക്ക് സംഭവിക്കുന്നതാണ്. ഇത് നിരീക്ഷിക്കേണ്ടതുണ്ട്. വലിയ തോതിലുള്ള വ്യാപനമാണെങ്കിൽ ആ പ്രദേശം മുഴുവൻ മത്സ്യങ്ങളും മറ്റ് ജീവികളും ഒഴിവാക്കുകയാണല്ലോ പതിവ് സാധാരണഗതയിൽ മത്സ്യങ്ങൾ ആ ഭാഗത്ത് നിൽക്കില്ല. പക്ഷേ, ദീർഘകാലമാകുമ്പോൾ മത്സ്യങ്ങളുടെ ഭക്ഷണം വഴി ഇവ അകത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്.
Discussion about this post