തിരുവനന്തപുരം : കേരള സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിനെ തിരിച്ചറിഞ്ഞു. പുതുച്ചേരി സ്വദേശിയായ 33 വയസ്സുകാരനാണ് ഒന്നാം സമ്മാനമായ 20 കോടി നേടിയിരിക്കുന്നത്. ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയപ്പോൾ എടുത്ത ലോട്ടറിക്കാണ് സമ്മാനം അടിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സമ്മാന ജേതാവ് ലോട്ടറി ഏജന്റിനോടും സുഹൃത്തുക്കളോടും ഒപ്പം തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ എത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറിയത്. സമ്മാന ജേതാവിന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്. ബിസിനസുകാരനായ യുവാവ് കേരളത്തിലെത്തി ശബരിമല ദർശനത്തിന് ശേഷം പാത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച സമയത്താണ് ക്ഷേത്രത്തിന് സമീപമുള്ള കടയിൽ നിന്നും ലോട്ടറി വാങ്ങിയത്. പാലക്കാട് നിന്നുമാണ് ഈ ലോട്ടറി ഏജന്റ് ടിക്കറ്റുകൾ വാങ്ങിയിരുന്നത്.
20 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് സമ്മാനാർഹനായ ആളുടെ അക്കൗണ്ടിലേക്ക് എത്തുക 12.6 കോടി രൂപ ആയിരിക്കും. സംസ്ഥാന സർക്കാരിന്റെ 30% നികുതിയും ഉയർന്ന തുകയുടെ സമ്മാനമായതിനാൽ കേന്ദ്രസർക്കാർ നികുതിയും നൽകേണ്ടതുണ്ട്. ടിക്കറ്റ് വിറ്റ ഏജന്റിന് രണ്ട് കോടി രൂപ ആയിരിക്കും കമ്മീഷൻ ആയി ലഭിക്കുക.








