പത്തനംതിട്ട : സ്കൂളിൽ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരനായ വിദ്യാർത്ഥി മരണപ്പെട്ടു. റാന്നി പ്ലാങ്കമൺ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥിയായ ആരോൺ പി വർഗീസ് ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കുട്ടിയെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
വ്യാഴാഴ്ച സ്കൂളിൽ വച്ച് കൂട്ടുകാരുമായി കളിക്കുന്നതിന് ഇടയ്ക്ക് ആരോൺ വീണിരുന്നു. സ്കൂൾ വിട്ട് വീട്ടിൽ വന്ന ശേഷമാണ് കുട്ടി കൈക്ക് കടുത്ത വേദന ഉള്ളതായി വീട്ടുകാരെ അറിയിക്കുന്നത്. വീഴ്ചയിൽ കുട്ടിയുടെ കൈക്കുഴ തെറ്റിയതായി മനസ്സിലാക്കിയ വീട്ടുകാർ കുട്ടിയെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് കുട്ടിയുടെ കൈക്കുഴ ശരിയാക്കുന്നതിനു മുന്നാടിയായി കുട്ടിക്ക് അനസ്തേഷ്യ നൽകിയിരുന്നു. വൈകാതെ തന്നെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. തുടർന്ന് കുട്ടിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10 മണിയോടുകൂടി മരണപ്പെടുകയായിരുന്നു. റാന്നിയിലെ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് വീട്ടുകാർ ആരോപണമുന്നയിക്കുന്നത്.
Discussion about this post