അയോദ്ധ്യ: ജനുവരി മാസത്തിൽ പ്രേത്യേകിച്ച് പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യ നേരിടേണ്ടി വന്നത് വലിയ സൈബർ ഹാക്കിങ് ശ്രമങ്ങൾ എന്ന് റിപ്പോർട്ട്. പാകിസ്താനിലെയും ചൈനയിലെയും ഹാക്കർമാരും സൈബർ ക്രിമിനലുകളും, പിന്നെ ആഭ്യന്തരമായി ചിലരും ആണ് ഇതിനു പുറകിൽ എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
രാമക്ഷേത്രം, പ്രസാർ ഭാരതി, ഉത്തർപ്രദേശിലെ നിർണായക കേന്ദ്രങ്ങൾ എന്നിവയുടെ വെബ്‌സൈറ്റുകളാണ് പാകിസ്ഥാൻ, ചൈനീസ് ഹാക്കർമാർ തകർക്കാൻ ശ്രമിച്ചതായി അധികൃതർ വ്യക്തമാക്കിയത്.
ഉദ്ഘാടന വേളയിൽ സൈബർ ആക്രമണങ്ങൾ വർദ്ധിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സൈബർ ആക്രമണം തടയുന്നതിനായി രാമക്ഷേത്രം, പ്രസാർ ഭാരതി, യുപി പോലീസ്, വിമാനത്താവളം, യുപി ടൂറിസം, പവർ ഗ്രിഡ് എന്നിവയുൾപ്പെടെ 264 വെബ്‌സൈറ്റുകൾ ടെലികോം സെക്യൂരിറ്റി ഓപ്പറേഷൻ സെൻ്റർ (ടിഎസ്ഒസി) നിരീക്ഷിച്ചു വന്നിരുന്നു.
140 ഓളം ഐപി അഡ്രസുകൾ വഴി രാമക്ഷേത്രം, പ്രസാർ ഭാരതി വെബ്‌സൈറ്റുകൾ എന്നിവ ലക്ഷ്യമിടുന്നതായി അധികൃതർ നിരീക്ഷിച്ചു. തുടർന്ന് ആ ഐപി വിലാസങ്ങളിലേക്കുള്ള ആക്സസ് തടയാൻ ഇൻ്റർനെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടു. ഈ ഐപി വിലാസങ്ങൾ ബ്ലോക്ക് ചെയ്‌തതിന് ശേഷവും ജനുവരി 21ന് ഈ രാജ്യങ്ങളിൽ നിന്നുള്ള ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങൾ വർധിച്ചതായും കൂടുതൽ ഐപി വിലാസങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
മൊത്തത്തിൽ 1244 ഐപി അഡ്രസുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു ഇതോടുകൂടി ആക്രമണങ്ങൾ കുറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അതെ സമയം ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിക്കപ്പെട്ട സംവിധാനങ്ങൾ വഴിയാണ് ഈ കനത്ത സൈബർ ആക്രമണങ്ങൾ തടയപ്പെട്ടത് എന്നത് വളരെയധികം അഭിമാനം നൽകുന്ന കാര്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ സൈബർ ആക്രമണങ്ങൾ മുൻകൂട്ടി പ്രവചിക്കാനും തകർക്കാനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) തദ്ദേശീയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ എന്നിവയാണ് ഉപയോഗിച്ചത്. ജി 20 സമ്മേളന വേളയിൽ ഉപയോഗിച്ച് വിജയിച്ചതാണ് ഈ സംവിധാനങ്ങൾ.
Discussion about this post