ലണ്ടൻ : ബട്ടർ ചിക്കൻ കഴിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു. ബ്രിട്ടനിലാണ് സംഭവം. ഗ്രേറ്റർ മാഞ്ചസ്റ്റർ സ്വദേശിയായ ജോസഫ് ഹിഗിൻസൺ എന്ന 27 കാരനായ യുവാവാണ് കുഴഞ്ഞുവീണ് മരിച്ചത്. അനാഫൈലക്സിസ് എന്ന അലർജി മൂലമാണ് യുവാവ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
നട്സ്, ബദാം തുടങ്ങിയ ഭക്ഷണ വസ്തുക്കളോടുള്ള അലർജിയാണ് അനാഫൈലക്സിസ്. യുവാവിന് നേരത്തെ തന്നെ ഇത്തരം അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞതവണ അണ്ടിപ്പരിപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചിട്ട് ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ അലർജി ഭേദമായെന്ന് വിശ്വസിച്ചാണ് ഇയാൾ അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേർത്ത ബട്ടർ ചിക്കൻ കഴിച്ചത്.
ബട്ടർ ചിക്കൻ കഴിച്ച ഉടൻതന്നെ ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ഉടൻ കയ്യിൽ കരുതിയിരുന്ന ഇഞ്ചക്ഷൻ എടുത്തെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു. ബ്രിട്ടനിലെ റോയൽ ബോൾട്ടന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത് .
Discussion about this post