ബോളിവുഡ് താരം രൺദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭമായ ‘സ്വതന്ത്ര വീർ സവർക്കർ’ ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത ചിത്രം ഇതുവരെ നാലു കോടി രൂപയോളം ആണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.
20 കോടി രൂപ ബജറ്റിൽ ആണ് സ്വതന്ത്ര വീർ സവർക്കർ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ കൂടിയായ രൺദീപ് ഹൂഡ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്വാതന്ത്ര്യസമരസേനാനി വീർ സവർക്കറിനെ അവതരിപ്പിക്കുന്നത്. അങ്കിത ലോഖണ്ഡേയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിനായക് ദാമോദർ സവർക്കർ എന്ന കഥാപാത്രത്തെ പൂർണ്ണതയിൽ എത്തിക്കുന്നതിനായി രൺദീപ് ഹൂഡെ തൻ്റെ ശരീരഭാരം 26 കിലോ കുറച്ചിരുന്നത് സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ വലിയ വാർത്തയായിരുന്നു. ഹിന്ദിയിലും മറാത്തിയിലും ആയാണ് ചിത്രം പുറത്തിറക്കിയിട്ടുള്ളത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, രൺദീപ് ഹൂഡ, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് സ്വതന്ത്ര വീർ സവർക്കർ നിർമ്മിച്ചിരിക്കുന്നത്.








