തമിഴ്നാട് നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സംസ്ഥാന ബിജെപി നേതൃത്വം. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. പിഎംകെ, തമിഴ്മാനില കോൺഗ്രസ്, എഎംഎംകെ തുടങ്ങിയ പ്രാദേശിക കക്ഷികളുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി സംസ്ഥാനത്ത് ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ഇതുവരെ പുറത്തു വന്ന അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന കോയമ്പത്തൂർ. മണ്ഡലത്തിൽ കെ അണ്ണാമലൈ നടത്തിയ പ്രചാരണ പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളിലേക്ക് വൻ ജനക്കൂട്ടമാണ് ഒഴുകി എത്തിയത്. കോയമ്പത്തൂരിൽ അണ്ണാമലൈയ്ക്ക് അനുകൂലമായി ശക്തമായ തരംഗമുണ്ടെന്ന വിലയിരുത്തൽ ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന അഭിപ്രായ സർവ്വേ.
തമിഴ്നാട്ടിലെ പ്രമുഖ ദിനപത്രമായ ദിനമലർ പുറത്തുവിട്ട അഭിപ്രായ സർവ്വേയിൽ കോയമ്പത്തൂരിൽ അണ്ണാമലൈ വൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് പ്രവചനം. 40 ശതമാനത്തിനടുത്ത് വോട്ട് നേടി ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈ മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറുമെന്ന് ദിനമലർ സർവ്വേ പറയുന്നു.
രണ്ടാം സ്ഥാനത്ത് വരുന്ന ഡിഎംകെ സ്ഥാനാർത്ഥി ഗണപതി പി രാജ്കുമാറിന് 28 ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 27 ശതമാനം വോട്ടുമായി എഐഎഡിഎംകെ സ്ഥാനാർത്ഥി സിംഗൈ രാമചന്ദ്രൻ മൂന്നാം സ്ഥാനത്തായിരിക്കും. നാം തമിഴർ കച്ചിയുടെ കലാമണി ആറ് ശതമാനത്തിനടുത്ത് വോട്ട് പിടിക്കുമെന്നും ദിനമലർ പ്രീപോൾ സർവ്വേ വ്യക്തമാക്കുന്നു.
ഡിഎംകെയുടെ അഴിമതിക്കും കുടുംബാധിപത്യത്തിനുമെതിരെ ശക്തമായി ശബ്ദിക്കുന്ന അണ്ണാമലൈ, പ്രചരണ രംഗത്ത് വലിയ ഓളമാണ് സൃഷ്ടിച്ചത്. മണ്ഡലത്തിലെ 6 നിയമസഭാ സീറ്റുകളിൽ 5 എണ്ണം നിലവിൽ എഐഎഡിഎംകെയുടെ കൈകളിലാണ്. കോയമ്പത്തൂർ സൗത്തിൽ നിന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസനാണ് ജയിച്ചത്.
എഐഎഡിഎംകെയുടെ പിളർപ്പിനെ തുടർന്നുള്ള സാഹചര്യം കോയമ്പത്തൂരിൽ ബിജെപിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കെ അണ്ണാമലൈ. ദിനമലർ സർവ്വേ വിരൽ ചൂണ്ടുന്നതും ഇതിലേക്കാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ ആർഎസ്എസിനും ബിജെപിക്കും മികച്ച അടിത്തറയുള്ള മണ്ഡലമാണ് കോയമ്പത്തൂർ. 1998ലും 99ലും കോയമ്പത്തൂർ ലോക്സഭാ സീറ്റിൽ നിന്ന് ബിജെപിയുടെ സി പി രാധാകൃഷ്ണൻ ജയിച്ചിട്ടുണ്ട്.









