ചെന്നൈ : എൻഡിഎയ്ക്ക് ചരിത്രപരമായ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷനും കോയമ്പത്തൂർ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ . തമിഴ്നാട്ടിൽ ബിജെപിക്ക് വോട്ട് വിഹിതം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരൂർ ഗ്രാമത്തിലെ ഉതുപ്പട്ടി പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തമിഴ്നാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. തമിഴ്നാട് ഇക്കുറി വോട്ട് വിഹിതത്തിൽ വൻ വർധനവ് നൽകും. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അവസാനം വന്നിരിക്കുന്നു. ദക്ഷിണേന്ത്യയിൽ ബിജെപി നമ്പർ വണ്ണായി മുന്നേറും’ എന്ന് അണ്ണാമലൈ പറഞ്ഞു.
കോയമ്പത്തൂരിൽ ഡിഎംകെയുടെ സ്ഥാനാർത്ഥി ഗണപതി പി രാജ്കുമാറിനും എഐഎഡിഎംകെയുടെ സ്ഥാനാർത്ഥി സിംഗൈ രാമചന്ദ്രനുമെതിരെയാണ് അണ്ണാമലൈ മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.









