പത്തനംതിട്ട : പത്തനംതിട്ടയിൽ മരിച്ചുപോയ വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്ത കേസിൽ ബൂത്ത് ലെവൽ ഓഫീസർ അറസ്റ്റിൽ. പത്തനംതിട്ട മെഴുവേലിയിൽ ആയിരുന്നു സംഭവം നടന്നിരുന്നത്. 94ആം വയസ്സിൽ മരണപ്പെട്ട അന്നമ്മ എന്ന വയോധികയുടെ വോട്ടാണ് വ്യാജമായി രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിൽ പോളിംഗ് ഓഫീസർ അടക്കം മൂന്ന് പേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർ അമ്പിളി ആണ് അറസ്റ്റിലായിട്ടുള്ളത്. ഇലവുംന്തിട്ട പോലീസ് ആണ് അമ്പിളിയെ അറസ്റ്റ് ചെയ്തത്. എൽഡിഎഫ് നൽകിയ പരാതി പ്രകാരം ആയിരുന്നു പത്തനംതിട്ടയിലെ കള്ളവോട്ടിനെതിരെ കേസെടുത്തിരുന്നത്. കോൺഗ്രസ് പഞ്ചായത്ത് അംഗമായ ശുഭനന്ദനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യും എന്നാണ് പോലീസ് അറിയിക്കുന്നത്.







