തിരുവനന്തപുരം : വർക്കല ബീച്ചിൽ തിരയിൽ പെട്ട വിദ്യാർത്ഥിനി മരിച്ചു. 14 വയസ്സുകാരിയായ ശ്രേയ ആണ് മരിച്ചത്. വർക്കല വെൺകുളം സ്വദേശിനിയാണ് ശ്രേയ. ശ്രേയോടൊപ്പം തിരയിൽ പെട്ട മറ്റൊരു കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.
മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങി പോവുകയായിരുന്നു ശ്രേയ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30ഓടെയായിരുന്നു വർക്കല ബീച്ചിൽ വച്ച് ശ്രേയയും ഒപ്പം ഉണ്ടായിരുന്ന കുട്ടിയും തിരയിൽ പെട്ടത്.
ഉച്ചയോടെ രണ്ടു കുട്ടികൾ കടലിന് സമീപത്തേക്ക് നടന്നു പോകുന്നതായിരുന്നു നാട്ടുകാർ ആദ്യം കണ്ടിരുന്നത്. കുട്ടികൾ തിരയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. വൈകാതെ തന്നെ ശ്രേയയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. കുട്ടികൾ ആത്മഹത്യയ്ക്കായി ആയിരിക്കാം കടലിലേക്ക് എത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.








