ശ്രീനഗർ: ജമ്മുകശ്മീരിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ ഒൻപത് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തണമെന്ന് ഗവർണർ മനോജ് സിൻഹയ്ക്ക് നിർദേശം നൽകി. ദുരന്ത ബാധിതർക്ക് ആവശ്യമായ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
‘ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നു. പ്രദേശത്ത് സ്ഥിതികൾ വിലയിരുത്തുവാനും ദുരന്തബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുവാനും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ഭീകരവാദികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ആക്രമികളെ അധികം വൈകാതെ തന്നെ കടുത്ത ശിക്ഷ നൽകും’ – ഗവർണർ എക്‌സിൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരും സംഭവത്തിൽ അനുശോചനം അറിയിച്ചു.
കശ്മീരിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പോണി പ്രദേശത്തെ തെര്യത്ത് ഗ്രാമത്തിൽ വെച്ചാണ് തീർത്ഥാടക സംഘത്തിന്റെ ബസിന് നേരെ ആക്രമണമുണ്ടായത്. ബസിന് നേരെ ഒന്നിലധികം തവണ വെടിവെപ്പ് ഉണ്ടാവുകയും തുടർന്ന് നിയന്ത്രണം തെറ്റിയ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറയുകയുമായിരുന്നു. ഒരു കുഞ്ഞ് ഉൾപ്പെെട ഒൻപത് പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post