തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി.ശ്രീനിവാസനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ വേദിയിലാണ് അദ്ദേഹത്തെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.
പ്രതിഷേധ പരിപാടിക്കിടെ നടന്നുവരികയായിരുന്ന ശ്രീനിവാസനെ എസ്എഫ്ഐക്കാര്‍ തടഞ്ഞുവെക്കുകയും, പിന്നീട് ഒരു പ്രവര്ത്തകന് മുഖത്തടിക്കുകയുമായിരുന്നു.
മുഖത്ത് അടിയേറ്റ അദേഹം നിലത്തു വീണു. ആഗോളവിദ്യഭ്യാസ സംഗമത്തിനെത്തിയ അതിഥികളെ സ്വീകരിക്കാനായി പുറത്തേക്കിറങ്ങിയ അദേഹത്തെ തീര്‍ത്തും അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്.
വിദ്യാഭ്യാസ സംഗമത്തിനെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. അതേ സമയം എസ്എഫ്ഐക്കാര്‍ ആക്രമിച്ചപ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നിന്നെന്നു ടി.പി.ശ്രീനിവാസന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പൊലീസുകാരന്‍പോലും അനങ്ങിയില്ലെന്ന് ശ്രീനിവാസന് പറഞ്ഞു.
ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷമ ചോദിക്കുന്നെന്ന് സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജും സംഭവത്തെ അപലപിച്ചു.
ഇതിനിടെ ടി.പി.ശ്രീനിവാസന് വിദ്യാഭ്യാസ വിചക്ഷണനല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന് പറഞ്ഞു. അംബാസിഡര്‍ എന്ന നിലയില്‍ അദ്ദേഹത്തെ അംഗീകരിക്കുന്നു.യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാനാണ് അദ്ദേഹത്തെ നിയമിച്ചതെന്നും പിണറായി ആരോപിച്ചു
Discussion about this post