തിരുവനന്തപുരം : ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി കെ രാധാകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതോടെ വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കെ രാധാകൃഷ്ണൻ ഭരിച്ചിരുന്ന ദേവസ്വം, പട്ടികജാതി വികസനം തുടങ്ങിയ വകുപ്പുകളാണ് മുഖ്യമന്ത്രി ഏറ്റെടുത്തിട്ടുള്ളത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനവും പുറത്തിറങ്ങി.
ആലത്തൂർ മണ്ഡലത്തിൽ നിന്നും ലോക്സഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെക്കുകയായിരുന്നു. കേരളത്തിൽ നിന്നും വിജയം കൈവരിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥിയാണ് അദ്ദേഹം. കെ രാധാകൃഷ്ണൻ നൽകിയ രാജി കത്ത് അംഗീകരിച്ചതായി ഗവർണർ വ്യക്തമാക്കി.
കെ രാധാകൃഷ്ണന് പകരം മന്ത്രി ഉണ്ടാകുമോ അതോ മുഖ്യമന്ത്രി തന്നെ ഈ വകുപ്പുകൾ തുടർന്നുള്ള കാലം ഭരിക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തത ആയിട്ടില്ല. പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിലായിരുന്നു കെ രാധാകൃഷ്ണൻ അവസാനമായി ഒപ്പിട്ടിരുന്നത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കി പകരം നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകൾ സ്വീകരിക്കാനാണ് ഉത്തരവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.








