മുംബൈ: വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ 10,000 കോടിയോളം മൂല്യമുള്ള സമ്പത്തിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ആരാണ് ഇതിന് അവകാശികളെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. ഓരോരുത്തര്‍ക്കുമുള്ള വിഹിതം ടാറ്റ തന്റെ വില്‍പ്പത്രത്തില്‍ മാറ്റിവെച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അര്‍ധസഹോദരിമാരായ ഷിറീന്, ഡീന്ന ജെജീഭോയ്, സഹോദരന് ജിമ്മി ടാറ്റ, ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശന്തനു നായിഡു മുതല്‍ അദ്ദേഹത്തിന്റെ പ്രധാന പാചകക്കാരനും വളര്‍ത്തുനായ ടിറ്റോയ്ക്കും വരെ ടാറ്റ വിഹിതം മാറ്റിവെച്ചിട്ടുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജെര്‍മന്‍ ഷെപേര്‍ഡ് ഇനത്തില്‍പ്പെട്ട ടിറ്റോ എന്ന നായയെ ടാറ്റ സ്വന്തമാക്കുന്നത്. ടിറ്റോയ്ക്ക് ആജീവനാന്ത പരിചരണം ഉറപ്പുനല്‍കുന്ന വ്യവസ്ഥകള്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ടിറ്റോയെ അദ്ദേഹത്തിന്റെ പാചകക്കാരനായ രാജന് ഷാ സംരക്ഷിക്കും.
എക്സിക്യുട്ടിവ് അസിസ്റ്റന്റ് ശന്തനു നായിഡുവിനെക്കുറിച്ചും വില്‍പ്പത്രത്തില്‍ പരാമര്‍ശമുണ്ട്. ശന്തനു കൂടെ പങ്കാളിയായുള്ള ഗുഡ്ഫെല്ലാസ് കമ്പനിയിലെ ഓഹരികള്‍ ടാറ്റ ഉപേക്ഷിച്ചു. വിദേശവിദ്യാഭ്യാസത്തിനായി ശന്തനു എടുത്ത വായ്പയും എഴുതിത്തള്ളി. ടാറ്റ ട്രസ്റ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ജോലിക്കെത്തിയ ശന്തനു പിന്നീട് ടാറ്റയുടെ വിശ്വസ്തനും സഹായിയുമായി മാറുകയായിരുന്നു. മൂന്ന് പതിറ്റാണ്ടോളം രത്തന്‍ ടാറ്റയ്ക്കൊപ്പം ജോലിചെയ്ത പാചകക്കാരന് സുബ്ബയ്യയ്ക്കും വില്‍പ്പത്രത്തില്‍ വിഹിതമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഫൗണ്ടേഷനു കീഴിലുള്ള ആസ്തികള്‍ അര്‍ധസഹോദരിമാരായ ഷിറീന്, ഡീന്ന ജെജീഭോയ്, സഹോദരന് ജിമ്മി ടാറ്റ എന്നിവര്‍ക്ക് നല്‍കും. ടാറ്റ സണ്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളിലുള്ള ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന് (RTEF) നല്‍കും.
Discussion about this post