ന്യൂഡൽഹി : എയർ ഇന്ത്യ വിമാങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. 32 എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചത്.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്നും യാത്ര തിരിച്ച ഏഴോളം വിമാനങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. എന്നാൽ ഇത് വ്യാജബോംബ് ഭീഷണിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
അതേസമയം, അടുത്തിടെ വിമാനക്കമ്പനികളുടെ ഭീഷണി കോളുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യത്തുടനീളമുള്ള സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം, 400-ലധികം വ്യാജ കോളുകൾ ലഭിച്ചതായി സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
വർദ്ധിച്ചുവരുന്ന ഈ ഭീഷണികളെ നേരിടാൻ, എൻഐഎയുടെ സൈബർ വിഭാഗം വിദേശ ഭീഷണി കോളുകളുടെ സമഗ്രമായ വിശകലനം ആരംഭിച്ചു. ഈ കോളുകൾക്ക് പിന്നിലെ ഉദ്ദേശ്യങ്ങൾ തിരിച്ചറിയുന്നതിലും അവയുടെ ആധികാരികത വിലയിരുത്തുന്നതിലും അന്വേഷണം നടത്തുകയാണ്. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് കർശനമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
വ്യാജ ഭീഷണി സന്ദേശങ്ങൾ അയക്കുന്ന അക്കൗണ്ടുകൾ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതായി കണക്കാക്കുമെന്നും ഐ.ടി മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ ബോംബ് ഭീഷണിയുൾപ്പെടെ കാര്യങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ജാഗരൂകരാകണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. പങ്കുവെക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ടുതന്നെ ഇത്തരം ഭീഷണികൾ കൂടുതൽ ആളുകളിലേക്കെത്തുകയും വലിയ ഭീതിക്ക് കാരണമാവുകയും ചെയ്യുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Leave a Comment