തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ പണത്തിന് നികുതിയടച്ചെന്ന വാദം തെറ്റാണെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ധനമന്ത്രി കെഎം ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചതാണെന്നും വീണ വിജയന്റെ സർവീസസ് ടാക്‌സ് രജിസ്‌ട്രേഷൻ വിവരങ്ങൾ തേടി താൻ വിവരാവകാശ അപേക്ഷ നൽകിയിരുന്നതായും മാത്യു കുഴൽനാടൻ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ ആരോപണം.
‘1.72 കോടി രൂപയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ നികുതി അടച്ചിട്ടുണ്ടെന്ന സിപിഎമ്മിനെറ വാദം തെറ്റാണെന്ന് അംഗീകരിച്ചാൽ, വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന് സിപിഎം അംഗീകരിക്കുമോ എന്ന് താൻ ഈ വിഷയം ഉന്നയിച്ചപ്പോൾ തന്നെചോദിച്ചതാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നികുതിയടച്ചു എന്ന് തെളിയിക്കാനെന്ന പേരിൽ സിപിഎം ധനമന്ത്രിെയ കൊണ്ടുവന്നു. ഇത് കത്തല്ല, കാപ്‌സ്യൂൾ ആണെന്ന് താൻ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
തന ഉന്നയിച്ച വാദം സത്യമാണെന്ന് തെളിയിക്കാൻ വിവരാവകാശപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ, മൂന്നാമത്തെ അപ്പീലിലാണ് മറുപടി ലഭിച്ചത്. ജിഎസ്ടി പോർട്ടലിൽ ലഭ്യമായ വീണയുടെ REG 1 പ്രകാരം സേവനനികുതി വിശദാംശങ്ങൾ ലഭ്യമല്ല. ഇതിന്റെ അഭാവത്തിൽ പഴയ സേവന നികുതി വകുപ്പിൽ വീണ രജിസ്റ്റർ ചെയ്തതാണോ എന്ന് കണ്ടെത്താൻ കഴിയില്ലെന്നും അതുകൊണ്ട് വീണ നൽകിയ സേവന നികുതി വകുപ്പിന്റെ വിശദാംശങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നുമാണ് ഒഫീസിൽ നിന്നും ലഭിച്ച മറുപടിയെന്നും മാത്യു കുഴനാടൻ വ്യക്തമാക്കി. ഇതിൽ നിന്നും തന്നെ ജിഎസ്ടിക്ക് മുമ്പ് വീണയ്ക്ക് സേവനനികുതി രജിസ്‌ട്രേഷൻ ഇല്ലായിരുന്നുവെന്ന് മനസിലാക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post