തേങ്ങയുണ്ടാവുക തെങ്ങിലാണെന്നും മാങ്ങ ഉണ്ടാവുക മാവിലാണെന്നും ചക്ക പ്ലാവിലാണ് വിരിയുന്നത് എന്നെല്ലാം നമ്മളെ ആരും പഠിപ്പിക്കാതെ തന്നെ നാം മനസിലാക്കിയതാണ് അല്ലേ… അതാണ് പ്രപഞ്ച സത്യവും. ഒരു മരത്തിൽ ആ ഫലവൃക്ഷത്തിന്റെ കായയേ ഉണ്ടാകൂ. എന്നാൽ ഒരൊറ്റ മരത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ എല്ലാം വളർത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ വിഷ്വൽ ആർട്‌സ് അസോസിയേറ്റ് പ്രൊഫസറും കർഷകനുമായ സാം വാൻ അകെൻ ആണ് തന്റെ കൃഷിയിടത്തിലെ മരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ വിളയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നത്.
മരത്തിന്റെ പേര് തന്നെ ‘ട്രീ ഓഫ് 40’ എന്നാണ്.മരത്തിൽ പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. ഗ്രാഫ്റ്റിംഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം പ്രൊഫ. സാം കൈവരിച്ചതത്രേ. ഈ മരം പൂക്കാൻ ഏകദേശം ഒമ്പത് വർഷമെടുത്തു. ഇതിനായി, മരം ഒരു പ്രത്യേക രീതിയിലാണ് നടുന്നത്. മുകുളത്തോടൊപ്പം മരത്തിന്റെ ഒരു ശാഖയും മുറിച്ചെടുക്കുന്നു. പിന്നീട് ശൈത്യകാലത്ത് പ്രധാന വൃക്ഷം തുളച്ച് ഈ ശാഖ നടുകയും ചെയ്യുന്നു. 2008 മുതലാണ് പ്രൊഫസർ സാം തന്റെ പദ്ധതിയായ ‘ട്രീ ഓഫ് 40’ -യിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.
2008ന് മുമ്പ്, ഈ പൂന്തോട്ടം ന്യൂയോർക്ക് സ്റ്റേറ്റ് അഗ്രികൾച്ചറൽ ലബോറട്ടറിയായിരുന്നു. അതിൽ അപൂർവയിനം പഴങ്ങളും 200 ഓളം ചെടികളുമുണ്ടായിരുന്നു. പിന്നീട് പണമില്ലാത്തതിനെ തുടർന്ന് തോട്ടം പൂട്ടാൻ പോവുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ പ്രൊഫസർ സാം ഫാം ഏറ്റെടുക്കുകയാണ് ചെയ്തത്. പിന്നീട് തോട്ടത്തിൽ ഗാഫ്റ്റിംഗിലൂടെ മരം വളർത്താൻ തുടങ്ങി. മരത്തിൽ ഓരോ ഇനവും വിളയുന്നത് വ്യത്യസ്ത സമയങ്ങളിലാണ്.
Discussion about this post