ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു ഛിന്നഗ്രഹം കൂടി. ബഹുനില കെട്ടിടത്തിൻറെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയുടെ അരികിലേക്ക് പാഞ്ഞെടുക്കുന്നത് എന്നാണ് നാസയുടെ ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാസയുടെ കാലിഫോർണിയയിലെ ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററിയാണ് ഭൂമിക്ക് അടുത്തെത്തുന്ന ഇത്തരം ബഹിരാകാശ വസ്തുക്കളെ കുറിച്ച് പഠിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ലോകത്തെ പ്രധാന ഏജൻസി.
ഛിന്നഗ്രഹം (2006 ഡബ്ല്യൂബി ) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് അരികിലേക്ക് വരുന്നത്. കറ്റാലിന സ്‌കൈ സർവേ 2006ആണ് ഈ നിയർ-എർത്ത് ഒബ്ജെക്റ്റിനെ കണ്ടെത്തിയത്. 310 അടി അഥവാ ഏകദേശം 94.488 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിൻറെ വ്യാസം. ബഹുനില കെട്ടടത്തിൻറെ വലിപ്പം കണക്കാക്കുന്ന ഛിന്നഗ്രഹം അതിൻറെ യാത്രയിൽ നവംബർ 26ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും എന്ന് ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി വ്യക്തമാക്കി .
2006 ഡബ്ല്യൂബി ഛിന്നഗ്രഹം ഭൂമിക്ക് വലിയ അപകടമുണ്ടാക്കാതെ കടന്നുപോകും എന്നാണ് നാസയുടെ അനുമാനം. നവംബർ 26ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും ഇത് സുരക്ഷിത അകലത്തിലായിരിക്കും. അന്ന് ഭൂമിയും ഛിന്നഗ്രഹവും തമ്മിൽ 554,000 മൈൽ അകലമുണ്ടാകും . അതിനാൽ ഭയത്തിൻറെ തെല്ലും ആവശ്യമില്ലെന്നാണ് വിവരം. എങ്കിലും സഞ്ചാരപാതയിൽ എന്തെങ്കിലും വ്യതിയാനം വരുമോ എന്ന് നാസ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.
ഭൂമിക്ക് ആപത്തില്ലെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിപ്പിക്കുന്നത് എന്തെന്ന് വെച്ചാൽ ഭൂമിക്ക് 4.6 ദശലക്ഷം മൈൽ (75 ലക്ഷം കിലോമീറ്റർ) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നൽകാറുണ്ട് എന്നത് കൊണ്ടാണ്.








