ജയ്പൂർ: കടക്കെണിയിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടാന്‍ സുകുമാരക്കുറുപ്പ് ലൈനിൽ കൊലപാതകം. സംഭവത്തില്‍ ട്രെക്ക് ഡ്രൈവറായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാൾ ആണ് സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്തത്. ഇതിനായി തെരുവിൽ അലഞ്ഞിരുന്ന മധ്യവയസ്കനെയാണ് ഇയാള്‍ ട്രെക്ക് കയറ്റി കൊലപ്പെടുത്തിയത്.
ഡിസംബർ 1ന് ദേശീയ പാത 56ൽ സല്ലോപാത് മേഖലയിൽ പോലീസ് ഒരാളുടെ മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡുകളിലെ വിലാസം അനുസരിച്ച് രാജസ്ഥാനിലെ അജ്മീറിലെ ഗുവാർഡി സ്വദേശിയായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാളാണ് മരിച്ചത് എന്ന നിഗമനത്തിലാണ് പോലീസ് എത്തുകയായിരുന്നു.
എന്നാൽ നാഗേന്ദ്ര സിംഗിന്റെ ബന്ധുക്കൾക്ക് ഈ മൃതദേഹം തിരിച്ചറിയാനായിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാഗേന്ദ്ര സിംഗ് റാവത്ത് വലിയ കടക്കെണിയിലാണെന്ന് പോലീസ് മനസിലാക്കുന്നത്. ഇയാൾ വലിയ തുകയ്ക്ക് ഇൻഷുറൻസ് ചെയ്തിരുന്നതായും പോലീസ് മനസ്സിലാക്കി. ഇതോടെ സ്വന്തം മരണം ഇൻഷുറൻസ് തട്ടിയെടുക്കാനായി സൃഷ്ടിച്ചതാണെന്ന സംശയം പോലീസിന് ബലപ്പെട്ടു. അടുത്തിടെ ചിത്തോർഗഡ് സ്വദേശിയായ ഒരു ഭിക്ഷാടകനുമായി ഇയാൾ ചങ്ങാത്തതിലായത് പോലീസ് കണ്ടെത്തി. ഇയാളെ കണ്ടെത്താൻ സാധിച്ചതാണ് പോലീസ് അന്വേഷണത്തിൽ നിർണായകമായത്.
സംഭവത്തിൽ നാഗേന്ദ്ര സിംഗ് റാവത്തിന് ഒത്താശ ചെയ്ത രണ്ട് പേർ പിടിയിലായെങ്കിലും നാഗേന്ദ്ര സിംഗ് റാവത്ത് ഇപ്പോഴും ഒളിവിൽ ആണ്.
Discussion about this post