മെറ്റ സിഇഒ മാർക്ക് സുക്കർബർഗിന്റെ ഒരു മാലയാണ് ഇപ്പോൾ വലിയ വാർത്ത ആയിരിക്കുന്നത്. 425 ഡോളർ വിലയുള്ള വെള്ളിയിൽ സ്വർണം പൂശിയ സുക്കർബർഗിന്റെ പഴയ മാല ലേലത്തിനായി വെച്ചിരിക്കുകയാണ്. ഒരു ചാരിറ്റി ഫൗണ്ടേഷനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ മാല ലേലം ചെയ്യുന്നത്. ഒരു യുവ സംരംഭകൻ എന്ന നിലയിലുള്ള തന്റെ ആദ്യകാലത്ത് സുക്കർബർഗ് ഉപയോഗിച്ചിരുന്ന മാലയാണിത്.
ലേലത്തിൽ ഇതിനകം തന്നെ ഈ മാലയുടെ വില 40,000 ഡോളർ വരെ എത്തിയിട്ടുണ്ട്. യഥാർത്ഥ വിലയുടെ നൂറിരട്ടിയിലേറെ വിലയാണ് ലേലത്തിൽ ഈ മാലക്ക് ലഭിക്കുന്നത്. സുക്കർബർഗിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇൻഫ്ലെക്ഷൻ ഗ്രാന്റ്സ് എന്ന പദ്ധതിക്ക് വേണ്ടിയാണ് മാല ലേലം ചെയ്യുന്നത്. ക്രിയാത്മകവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ ആശയങ്ങൾ പിന്തുടരുന്ന വ്യക്തികളെ ശാക്തീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഇൻഫ്ലെക്ഷൻ ഗ്രാന്റ്സ്.
സുക്കർബർഗ് തന്നെയാണ് തന്റെ 6.5 എംഎം ഗോൾഡ് വെർമെയ്ൽ ചെയിൻ സംഘടനയുടെ ഫണ്ട് സമാഹരണത്തിനായി നൽകിയിട്ടുള്ളത്. തുടർന്ന് ഇത് ലേലത്തിൽ വയ്ക്കുകയായിരുന്നു. സുക്കർബർഗ് ഉപയോഗിച്ചിരുന്ന മാല എന്ന നിലയിൽ ഇതൊരു കാലാതീതമായ സൃഷ്ടി ആണെന്നും അടുത്ത ദിവസങ്ങളിൽ ഈ മാലയ്ക്ക് കൂടുതൽ വില ലഭിക്കും എന്നുമാണ് ഇൻഫ്ലെക്ഷൻ ഗ്രാന്റ്സ് വ്യക്തമാക്കുന്നത്.
Discussion about this post