മുംബൈ: ഓൺലൈനിലൂടെ വീട്ടിലേക്ക് പാൽ ബുക്ക് ചെയ്ത വീട്ടമ്മ ചെന്ന് പെട്ടത് വന്‍ തട്ടിപ്പില്‍. അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്ന 30,400 രൂപയാണ് 61കാരിക്ക് നഷ്ടമായത്.
സോഷ്യൽ മീഡിയയില്‍ കണ്ട ഒരു പരസ്യമാണ് വീട്ടമ്മയെ തട്ടിപ്പിൽ വീഴ്ത്തിയത്. ശുദ്ധമായ പാൽ എല്ലാ ദിവസവും ഫ്രഷായി വീട്ടിലെത്തിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് സോഷ്യൽ മീഡിയയില്‍ ഇവര്‍ കണ്ടു. 30 ദിവസത്തേക്ക് 499 രൂപ നൽകിയാൽ മതിയെന്ന് പരസ്യത്തിൽ കണ്ടതോടെ പരസ്യത്തിൽ കണ്ട് ലിങ്കിൽ വീട്ടമ്മ ക്ലിക്ക് ചെയ്തു. ഇതോടെ മറ്റൊരു വെബ്സൈറ്റിലേക്കാണ് ലിങ്ക് പോയത്.
തുറന്നു വന്ന വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും നൽകിയതോടെ പണം അടയ്ക്കാനുള്ള ഓപ്ഷൻ കിട്ടി. തൊട്ടുപിന്നാലെ ഫോണിൽ ഒടിപി വന്നു. ഈ ഒടിപി കൂടി കൊടുത്തതോടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന 30,400 രൂപ നഷ്ടപ്പെടുകയായിരുന്നു. പരസ്യത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും നമ്പര്‍ ഓഫായിരുന്നു.
തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെ ഡിബി മാർഗ് പോലീസ് സ്റ്റേഷനിലെത്തി അവർ പരാതി നൽകി. സംഭവത്തില്‍ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post