പ്രകൃതിക്കായി ജീവിച്ച മുത്തശ്ശി ; പത്മശ്രീ പുരസ്‌കാര ജേതാവ് തുളസി ഗൗഡ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

Published by
Brave India Desk

പത്മശ്രീ ജേതാവ് തുളസി ഗൗഡ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച് രാജ്യമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ പത്മ ശ്രീ പുരസ്‌കാര ജേതാവാണ് തുളസി ഗൗഡ . കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലി ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം.

അങ്കോളയിൽ ആയിരക്കണക്കിന് മരങ്ങൾ വെച്ചുപിടിപ്പിച്ച തുളസി ഗൗഡയെ ‘മരങ്ങളുടെ സർവ വിജ്ഞാന കോശം’ എന്നാണ് അറിയപ്പെടുന്നത്. ജീവിതകാലം മുഴുവൻ പ്രകൃതിയോട് ചേർന്ന് നിന്ന അവരെ പത്മ ശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിരുന്നു. ഇതിന് പുറമെ ഇന്ദിര പ്രിയദർശിനി വൃക്ഷ മിത്ര പുരസ്‌കാര ജേതാവ് കൂടിയാണ് അവർ.

ആറ് പതിറ്റാണ്ടിലേറെക്കാലം പരിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭവാനകൾ നൽകിയ വ്യക്തിയാണ് തുളസി ഗൗഡ. ഈ കാലയളവിൽ നാൽപതിനായിരത്തിലധികം വൃക്ഷത്തൈകൾ തുളസി നട്ടുവളർത്തി. കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അഗാധമായ അറിവുകൾ തുളസി മറ്റുള്ളവരിലേക്ക് പകർന്നുനൽകിയിരുന്നു .

ഉത്തരകന്നഡയിലെ ഹലക്കി സമുദായത്തിലാണ് തുളസി ഗൗഡ ജനിച്ചത്. മൂന്ന് മക്കളാണ് അവർക്കുള്ളത്. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിലെ തുളസിയുടെ അസാധാരണമായ വൈദഗ്ധ്യം കർണാടക വനം വകുപ്പ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് അവർക്ക് പ്രത്യേക സ്റ്റാഫ് പദവി നൽകുകയും വിരമിച്ച ശേഷവും ജോലിയിൽ തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു.

തുളസി ഗൗഡയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. തുളസി ഗൗഡ തൈകൾ നട്ടുപിടിപ്പിക്കുന്നതിനും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി അവർ ജീവിതം സമർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുള്ള വഴികാട്ടിയായി എന്നും നിലകൊള്ളും. അവരുടെ പ്രവർത്തനം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിനും ആരാധകർക്കും അനുശോചനം അറിയിക്കുന്നു . ഓം ശാന്തി.. എന്ന് മോദി എക്‌സിൽ കുറിച്ചു.

 

 

Share
Leave a Comment

Recent News