സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നാളെ (വെള്ളിയാഴ്ച) ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കി. കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിലായി ഇന്ത്യൻ ക്യാപ്റ്റൻ വളരെ ദയനീയമായ ഫോമിലായിരുന്നു. കൂടാതെ ടീം കോമ്പിനേഷനും ബാറ്റിംഗ് ഓർഡറിലെ രോഹിതിൻ്റെ തിരിച്ചു വരവ് ബാധിച്ചിരുന്നു. അതിനാൽ തന്നെ ഈ നീക്കം വളരെ അപ്രതീക്ഷിതമല്ല എന്നുള്ള തരത്തിലുള്ള പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും വരുന്നത്.
തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തെത്തുടർന്ന് ആദ്യ ടെസ്റ്റ് രോഹിത് ശർമയ്ക്ക് നഷ്ടമായിരുന്നു. എന്നാൽ അഡ്‌ലൈഡ് ടെസ്റ്റിൽ രോഹിത് വീണ്ടും നായകനായി തിരിച്ചെത്തി. എന്നാൽ അതിനു ശേഷം കാര്യങ്ങൾ പ്രതീക്ഷിച്ച പോലെയായിരുന്നില്ല മുന്നോട്ട് പോയത്.
അഡ്‌ലെയ്‌ഡിലും ബ്രിസ്‌ബെയ്‌നിലും മധ്യനിരയിൽ ബാറ്റ് ചെയ്യാൻ അദ്ദേഹം തിരഞ്ഞെടുത്തെങ്കിലും മെൽബണിൽ ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു. ടോപ്പിലേക്കുള്ള രോഹിതിന്റെ തിരിച്ചുവരവ് ശുഭ്മാൻ ഗില്ലിനെ പുറത്താക്കാൻ മാനേജ്‌മെൻ്റിനെ നിർബന്ധിതരാക്കി.
ഇതേ തുടർന്ന് താളം നഷ്ടപെട്ട ഇന്ത്യൻ ബാറ്റിംഗ് നിര റൺസ് കണ്ടെത്താൻ കഷ്ടപ്പെടുകയായിരിന്നു. മോശം ഫോമിനെ തുടർന്ന് സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരിന്നു. എന്നാൽ അതിനു മുമ്പ് തന്നെ നായകനെ മാറ്റാൻ ഇന്ത്യൻ ടീം തീരുമാനിക്കുകയായിരുന്നു.
Leave a Comment