തിരുവനന്തപുരം : ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോർട്ട് ചെയ്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി .
എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്.എം.പി.വി എന്ന് പത്രക്കുറിപ്പിലൂടെ ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും പ്രധാനമാണ്.
* അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. ആശുപത്രിയിൽ മാസ്‌ക് ഉപയോഗിക്കുക.
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.
* മുറികളിൽ ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
* കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, കരൾ, വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവരും
രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
* പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കുക.
* ജലനഷ്ടം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം.
* രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടി മതിയായി വിശ്രമിക്കണം.
Discussion about this post