40 മണിക്കൂര്‍ നീണ്ടു നിന്ന ഡിജിറ്റല്‍ അറസ്റ്റ് മൂലം മാനസിക നില തന്നെ തകരാറിലായെന്ന് വ്യക്തമാക്കി പ്രമുഖ സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ അങ്കുഷ് ബഹുഗുണ. ”ഞാനിപ്പോഴും ആ ഞെട്ടലില്‍നിന്നു മുക്തനായിട്ടില്ല. ഇതെനിക്കു സംഭവിച്ചുവെന്നു വിശ്വസിക്കാനാകുന്നില്ല.” – സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അങ്കുഷ് പറയുന്നു.
ഒരു ഓട്ടമേറ്റഡ് കോള്‍ എടുത്തതില്‍നിന്നാണു തട്ടിപ്പിന് അങ്കുഷ് ഇരയായിത്തുടങ്ങിയത്. ഒരു പാക്കേജ് ഡെലിവറി ആണെന്നും സഹായത്തിനായി പൂജ്യം അമര്‍ത്താനും അങ്കുഷിനോട് അവര്‍ ആവശ്യപ്പെട്ടു. അത് അമര്‍ത്തിയതോടെ കസ്റ്റമര്‍ സപ്പോര്‍ട്ട് പ്രതിനിധിയാണെന്നു വ്യക്തമാക്കി ഒരാള്‍ സംസാരിക്കുകയായിരുന്നു. ചൈനയില്‍നിന്ന് അനധികൃത വസ്തുക്കള്‍ അങ്കുഷിന്റെ പേരില്‍ എത്തിയെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും ഉടന്‍തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നുമായിരുന്നു മറുപടി.
വിഡിയോ കോളിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ആള്‍ അങ്കുഷിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ദേശീയ പ്രാധാന്യമുള്ള ഈ കേസില്‍ അങ്കുഷിനെയാണു പ്രധാനമായും സംശയിക്കുന്നതെന്നും ഇയാള്‍ പറഞ്ഞുവച്ചു. എനിക്ക് ആരെയും വിളിക്കാനോ കോളുകള്‍ എടുക്കാനോ മെസേജുകള്‍ക്കു മറുപടി നല്‍കാനോ സാധിച്ചില്ല. സ്വയം കസ്റ്റഡിയില്‍ ആയതിനാല്‍ ഞാനെന്തൊക്കെ ചെയ്യുന്നോ അതെല്ലാം എനിക്കെതിരെ ഉപയോഗിക്കപ്പെടുമെന്നായിരുന്നു അവരുടെ ഭീഷണി.
അത് എന്നെ മാനസികമായി തളര്‍ത്തി. കരയിപ്പിച്ചു… 40 മണിക്കൂര്‍ തുടര്‍ച്ചയായി എന്നെ അവിടെയിരുത്തി. ആരെങ്കിലുമായി സംസാരിക്കാന്‍ ശ്രമിച്ചാല്‍ അവരെയും അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും അവര്‍ നടത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അവര്‍ എന്റെ കൈയില്‍നിന്ന് ശേഖരിച്ചു. ജീവിതത്തിലെ പല വിവരങ്ങളും അവര്‍ തേടിയെടുത്തു. അങ്കുഷ് വിഡിയോയില്‍ പറഞ്ഞു.
ഒരു ഘട്ടത്തില്‍ ഹോട്ടലില്‍ മുറിയെടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ”എന്നെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു ഞാന്‍ ചിന്തിക്കുകയും ചെയ്തു. അവരോട് എന്നെ വിടണമെന്ന് കരഞ്ഞ് അപേക്ഷിച്ചു. എന്റെ സഹോദരിയും കൂട്ടുകാരും നിരന്തരം എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ചുള്ള ഒരു മെസേജ് സഹോദരി അയച്ചത് ഞാന്‍ കണ്ടത്. നിങ്ങളും ജാഗ്രതയോടെ ഇരിക്കുക” – അങ്കുഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post