വര്‍ഷം ഏകദേശം മൂന്ന് കോടി രൂപയോളം സമ്പാദിച്ചിരുന്ന മുന്‍ അഭിഭാഷകയായ എമിലി ഹേയ്സിന്റെ ജീവിതാനുഭവമാണ് ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.സാമ്പത്തിക നേട്ടത്തേക്കാള്‍ മാനസികാരോഗ്യം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ ഉയര്‍ന്ന ശമ്പളമുള്ള അഭിഭാഷക ജോലി ഉപേക്ഷിച്ച് വളരെ കുറഞ്ഞ ശമ്പളത്തില്‍ ഒരു ടെക് കമ്പനിയില്‍ ജോലിക്ക് ചേരുകയായിരുന്നു.
മൂന്ന് കോടി ശമ്പളമുള്ള ജോലിയില്‍നിന്ന് പ്രതിവര്‍ഷം 1.9 ലക്ഷം രൂപ മാത്രമുള്ള ജോലിയിലേക്കാണ് അവര്‍ പ്രവേശിച്ചത്. 2023 ഏപ്രിലിലാണ് അവര്‍ തന്റെ ജീവിതത്തെ മാറ്റി മറിച്ച ആ തീരുമാനമെടുത്തത്. മാസങ്ങളോളമാണ് അവരെ സമ്മര്‍ദവും ക്ഷീണവും പിടികൂടിയത്. തുടര്‍ന്നാണ് സാമ്പത്തികമായി നഷ്ടമുണ്ടാക്കുമെങ്കിലും ജോലി മാറാന്‍ അവര്‍ തീരുമാനിച്ചത്.
”ഒരു നിയമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് നിങ്ങളുടെ ജീവിതം ദുഷ്‌കരമാക്കും. നിങ്ങള്‍ക്ക് ഒരിക്കലും വൈകുന്നേരങ്ങളില്‍ ഒഴിവുസമയം ചെലവഴിക്കാനോ രാത്രി 10 മണിക്ക് മുമ്പ് ലോഗ് ഔട്ട് ചെയ്യാനോ കഴിയില്ല. ” സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ എമിലി പറഞ്ഞു.
താന്‍ ആദ്യം ജോലി ചെയ്ത സ്ഥാപനത്തില്‍ ജോലിയും സ്വകാര്യജീവിതവും ഒന്നിച്ചുകൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ടെന്‍ഷന്‍ തന്റെ ജീവിതത്തെ തകര്‍ത്തുകളഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കുറഞ്ഞ വേതനമുള്ള ജോലിക്ക് കയറുന്നത് അതിന്റേതായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. ”പുതിയ ജോലിക്ക് കയറിയതോടെ തന്റെ ചിന്താഗതികള്‍ മാറി മറഞ്ഞു. അത്രനാളും പണത്തെച്ചുറ്റിപ്പറ്റിയുള്ള ജീവിതമായിരുന്നു. പുതിയ ജോലിക്ക് കയറിയതോടെ സമ്മര്‍ദ്ദം കുറവുള്ള രീതിയാണെന്നും ഇപ്പോള്‍ കര്‍ക്കശമായ ബജറ്റാണ് പിന്തുടരുന്നതെന്നും” അവര്‍ വ്യക്തമാക്കി.
Discussion about this post