ബെംഗളൂരു : പിറന്നാൾ ആഘോഷിക്കുന്നതിനിടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും കാൽവഴുതി താഴെ വീണ് വിദ്യാർത്ഥി മരിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാർത്ഥിയായ കൈലാഷ്ഭായ് പട്ടേൽ (29) ആണ് മരിച്ചത്.
ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ളയാളാണ് കൈലാഷ്ഭായ്.
ജനുവരി 4 നാണ് അപകടം നടന്നത്. ഐഐഎം-ബാംഗ്ലൂർ ഹോസ്റ്റലിൻ്റെ രണ്ടാം നിലയിൽ നിന്ന് വീണാണ് കൈലാഷ്ഭായ് മരിച്ചത്. 29 ആം ജന്മദിനത്തിന്റെ ആഘോഷങ്ങൾക്കിടയിൽ ആയിരുന്നു സംഭവം. അർദ്ധരാത്രിക്ക് സുഹൃത്തിൻ്റെ മുറിയിൽ കേക്ക് മുറിച്ച ശേഷം കൈലാഷ്ഭായ് തന്റെ മുറിയിലേക്ക് പോയതായാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. എന്നാൽ പിറ്റേന്ന് രാവിലെ 6.30ഓടെ ഹോസ്റ്റലിൻ്റെ മുറ്റത്തെ പുൽത്തകിടിയിൽ വീണു കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരാണ് വീണു കിടക്കുന്ന നിലയിൽ കൈലാഷ് ഭായിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഐഐഎമ്മിൽ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്‌മെൻ്റ് (പിജിപി) വിദ്യാർത്ഥിയാണ് കൈലാഷ്ഭായ് പട്ടേൽ. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post