അംബാനി കുടുംബത്തിലെ നെടുംതൂൺ തന്നെയാണ് മുകേഷ് അംബാനിയുടെ ജീവിതസഖിയായി നിത അംബാനി. കുടുംബത്തിന്റെ ഓരോ കുഞ്ഞു കാര്യങ്ങളിലും ലോകത്തിലെ തന്നെ വലിയ തങ്ങളുടെ കോർപ്പറേറ്റ് കമ്പനിയുടെ നേട്ടങ്ങളിലും ഒരുപോലെ, വിട്ടുവീഴച്ചയേതും കൂടാതെ അവർ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നു. അംബാനി കുടുംബത്തിൽ വച്ച് ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രം എന്നും നിത അംബാനി തന്നെയായിരുന്നു.
ഇപ്പോഴിതാ.. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മനസുതുറക്കുകയാണ് നിത അംബാനി. എന്നും സ്ത്രീ ശക്തിയുടെ ഉദാഹരണമായി നിന്നിട്ടുള്ള നിത, തന്റെ കുടുംബം, പാരമ്പര്യം, തന്റേതായ ലോകം പടുത്തുയർത്തുന്നതിലെ പിന്തുണ എന്നിവയെ കുറിച്ച് വൈകാരികമാകുന്നു..
തന്റെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തെ കുറിച്ച്, പറയുമ്പോൾ, ഒരു അമ്മയെന്ന നിലയിൽ ഏറെ അഭിമാനം നൽകുന്ന ഒന്നായിരുന്നു അതെന്നാണ് നിത അംബാനി പറയുന്നത്. ഓരോ മാതാപിതാക്കളും അവരുടെ മക്കൾക്ക് ഏറ്റവും മികച്ചത് ചെയ്യാനാണ് എന്നും ആഗ്രഹിക്കുന്നത്. ഒരു ആഡംബര ചടങ്ങിനുമപ്പുറം,ഇന്ത്യയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്നതായിരുന്നു ആ ചടങ്ങ്. ഇന്ത്യൻ പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും മുൻപന്തിയിലേക്ക് കൊണ്ടുവന്നതിലൂടെ, ആ വിവാഹം, ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന തത്വശാസ്ത്രത്തിന്റെ യഥാർത്ഥ പ്രതിഫലനമായി മാറുകയായിരുന്നുവെന്നും നിത വ്യക്തമാക്കി.
ആസ്തമ മൂലമുള്ള തന്റെ മകന്റെ അമിത വണ്ണത്തിനെതിരെയുള്ള തന്റെ മകന്റെ പോരാട്ടത്തെ കുറിച്ചു പറഞ്ഞ നിത, വിവാഹ വേദിയിൽ അനന്ത് എത്ര ആത്മവിശ്വാസത്തോടെയാണ് നിന്നതെന്നും താൻ എന്താണെന്നതിൽ അവൻ എത്രത്തോളം അഭിമാനത്തിലായിരുന്നുവെന്നും ഓർത്തെടുത്തു. ‘ഞാൻ ശാരീരികമായി എന്താണെന്നല്ല, എന്റെ ഹൃദയം എന്താണെന്നതാണ് പ്രധാനം’- അവനന്ന് വേദിയിൽ വച്ച് പറഞ്ഞത് ഇങ്ങനെയാണ്. ഒരു അമ്മയെന്ന നിലയിൽ, തന്റെ മകൻ തന്റെ പ്രതിജ്ഞകൾ എടുക്കുന്നതും, ജീവിതപങ്കാളിയുടെ കൈപിടിച്ച് അദ്ദേഹം തന്റെ യാത്രയിൽ കാണിച്ച ശക്തിയെയും ധൈര്യത്തെയും കുറിച്ചും ചിന്തിച്ച് അവർ വികാരഭരിതനായി.
മുകേഷ് അംബാനിയോടൊത്തുള്ള തന്റെ ജീവിതത്തെ കുറിച്ചും അവർ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ‘മുകേഷുമായുള്ള വിവാഹം മറ്റെന്തിനേക്കാൾ വലിയ അനുഗ്രഹമായിരുന്നു. ഒരു പങ്കാളി എന്ന നിലയിൽ മാത്രമല്ല, എന്റെ ഏറ്റവും ശക്തമായ പിൻബലം മുകേഷ് തന്നെയാണ്’- നിത വ്യക്തമാക്കി.
തന്റെ മൂന്ന് മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരെ കുറിച്ചും അവർ വാചാലയായി. അവരോരോരുത്തരും അവരവരുടെ പാത എങ്ങനെ രൂപപ്പെടുത്തി, അവരവരുടെ ലക്ഷ്യങ്ങൾ എങ്ങനെ തിരഞ്ഞെടുത്തുവെന്നും, ഒരു അമ്മ എന്ന നിലയിൽ ഇത് തനിക്ക് എങ്ങനെ വലിയ സന്തോഷം നൽകി എന്നതിനെ കുറിച്ചും അവർ പങ്കുവച്ചു.
സാങ്കേതികവിദ്യയോടുള്ള ആഴമായ അഭിനിവേശമുള്ള മൂത്ത മകൻ ആകാശ് ഇപ്പോൾ ഇന്ത്യയുടെ ടെക് വ്യവസായത്തിലെ നിർണായക ശക്തിയായ ജിയോയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഏറെ ഡൈനാമിക് ആയ ഒരു വനിതാ നേതാവ് തന്നെയാണ് ഇഷ. അവൾ വിവിധ മേഖലകളിൽ നേതൃസ്ഥാനത്ത് നിന്ന് കൊണ്ട് തരംഗങ്ങൾ സൃഷ്ടിക്കുന്നു. അതേസമയം അനന്ത് വന്യജീവി സംരക്ഷണത്തോടുള്ള അഭിനിവേശം കണ്ടെത്തി. ഇപ്പോൾ അവൻ സുസ്ഥിരമായ ഹരിത ഊർജ്ജ സംരംഭങ്ങൾക്കായി പ്രവർത്തിക്കുന്നുവെന്നും നിത പറഞ്ഞു.
‘എന്റെ കുട്ടികൾക്ക് നേതൃത്വം നൽകാനും അവരുടെ അഭിലാഷങ്ങൾ നേടിയെടുക്കാനുമുള്ള സമയമാണിത്. ഏറെ തിരക്കുള്ള സമയങ്ങൾക്കിടയിലും മക്കൾക്ക് എപ്പോഴും അവൈലബിൾ ആയിരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ മുൻഗണന. ‘ബേബി സിറ്റിംഗ് ആയാലും വീട്ടിലിരിക്കുക ആയാലും ഞാൻ അവർക്കൊപ്പം ഉണ്ടാകും. അങ്ങനെ അവർക്ക് ഉയരാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയും’- നിത അംബാനി കൂട്ടിച്ചേർത്തു.
Leave a Comment