റായ്പൂർ : സുരക്ഷാസേനയെ ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡികൾ കണ്ടെടുത്തു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുമാണ് അഞ്ച് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) സൈന്യം കണ്ടെത്തിയത്. കമ്മ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിലിൽ മങ്കേലി ഗ്രാമത്തിലെ മൺപാതകളിലാണ് ഐഇഡികൾ സ്ഥാപിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.
ഛത്തീസ്ഗഢ് സായുധ സേനയും (സിഎഎഫ്) ലോക്കൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഐഇഡികൾ കണ്ടെത്തിയത്. രണ്ട് കിലോ വീതം ഭാരമുള്ള മൂന്ന് ഐഇഡികൾ ബിയർ കുപ്പികളിൽ സ്ഥാപിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്ന് കിലോ മുതൽ അഞ്ച് കിലോ വരെ ഭാരമുള്ള രണ്ട് ഉപകരണങ്ങൾ സ്റ്റീൽ ടിഫിൻ ബോക്സുകളിലായി പായ്ക്ക് ചെയ്ത നിലയിലും കണ്ടെത്തി.
ഭൂനിരപ്പിൽ നിന്ന് 3 മീറ്റർ മുതൽ 5 മീറ്റർ വരെ അകലത്തിൽ സ്ഥാപിച്ചിരുന്ന ഐഇഡികളിൽ കമാൻഡ് സ്വിച്ച് സംവിധാനം ഉപയോഗിച്ചിരുന്നുവെന്ന് സുരക്ഷാസേന റിപ്പോർട്ട് ചെയ്യുന്നു. ബിജാപൂർ പോലുള്ള ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിലെ വിദൂര പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്. മുൻപ് ഈ മേഖലയിൽ ഉണ്ടായ വിവിധ ഐഇഡി സ്ഫോടനങ്ങളിൽ സുരക്ഷാസേനയ്ക്കും നിരവധി സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
Leave a Comment