തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉദ്ഘാടത്തിനോട് അടുക്കുമ്പോൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്മരിക്കാനാവില്ലെന്ന് കെ.വി. തോമസിന്റെ കുറിപ്പ്. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിക്കുന്നതിനിടെയാണ് കെ.വി. തോമസിന്റെ കുറിപ്പ്. കരാർ ഏറ്റെടുക്കാൻ മറ്റാരുമില്ലാതിരുന്നകാലത്ത് അദാനി ഗ്രൂപ്പിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നതും അതിനായുള്ള പ്രാഥമികചർച്ചയ്ക്ക് താൻ വേദിയൊരുക്കിയെന്നുമാണ് കെവി തോമസ് പറയുന്നത്.
ഗൗതം അദാനി എന്റെ മറ്റൊരു സുഹൃത്തായ മഹേഷ് ബക്ചന്ദയോടൊപ്പമാണ് എത്തിയത്. എല്ലാവരും കൂടി നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ചു. അപ്പം. സ്റ്റ്യൂ, പുട്ട്-കടല ഉൾപ്പെടെയുള്ള കേരള ഭക്ഷണമാണ് നൽകിയത്. ഭക്ഷണത്തിനുശേഷം ഗൗതം അദാനിയും ഉമ്മൻചാണ്ടിയും എന്റെ കിടപ്പ് മുറിയിലേക്ക് കയറി. ഏതാണ്ട് 15 മിനിറ്റ് അവർ സംസാരിച്ചു. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. ശേഷം രണ്ടുപേരും ചിരിച്ചുകൊണ്ട് ഇറങ്ങിവന്നു. ഗൗതം ഭായി പറഞ്ഞു ”പ്രൊഫസർ ഐ വിൽ കം ടു കേരള’ എന്ന് കെവി തോമസ് കുറിച്ചു.
കുറിപ്പിൻ്റെ പൂർണരൂപം
വിഴിഞ്ഞം-ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നതിൽ അഭിമാനം
ഇന്ത്യയുടെ അഭിമാനമായ വിഴിഞ്ഞം അന്തർദേശീയ കണ്ടെയ്നർ ടെർമിനലിന്റെ ആദ്യഘട്ട നിർമ്മാണം വിജയകരമായി പൂർത്തീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുകയാണ്.
വളരെ സന്തോഷത്തോടും ചാരിതാർത്ഥ്യത്തോടും കൂടിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിനെ ഞാൻ കാണുന്നത്.
2015 ൽ ഞാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരുന്ന സന്ദർഭത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടൊപ്പം തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് യാത്ര ചെയ്യുന്ന സന്ദർഭത്തിലാണ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ഉമ്മൻചാണ്ടി എന്നോട് പറയുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ സമഗ്ര വികസനത്തിനും കേരളത്തിന്റെ വളർച്ചയ്ക്കും ഈ തുറമുഖം ഉപകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ പോർട്ടിന്റെ പണി ഏറ്റെടുക്കാൻ ആരും തയ്യാറല്ല. ടെൻഡർ സ്വീകരിക്കുന്ന അവസാന ദിവസം അദാനി ഗ്രൂപ്പിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നത്. അവർ ടെൻഡർ ഡോക്യുമെന്റ്സ് വാങ്ങി പണി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ ഈ തുറമുഖ പദ്ധതി നമുക്ക് നഷ്ടപ്പെടും എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. “അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയെ എനിക്ക് നല്ല പരിചയമുണ്ട്. അദ്ദേഹത്തെ ഞാൻ വിളിക്കാം, പക്ഷേ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അദാനി ഗ്രൂപ്പിനോട് എതിർപ്പുണ്ട്, ഇതിനുള്ള പരിഹാരം ഉമ്മൻചാണ്ടി കാണണം”. ഞാൻ ഉമ്മൻചാണ്ടിയോട് പറഞ്ഞു.
ഞാൻ ഡൽഹിയിൽ എത്തിയശേഷം ഗൗതം ഭായിയെ വിളിച്ച് വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് താങ്കളോട് നേരിട്ട് സംസാരിക്കാൻ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടെന്ന് അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് “പ്രൊഫസർക്ക് കേരളത്തെക്കുറിച്ച് അറിയുന്നതുപോലെ തന്നെ കേരളത്തിലെ ട്രേഡ് യൂണിയൻ സാഹചര്യങ്ങളെ കുറിച്ച് എനിക്കുമറിയാം. മാറിമാറി വരുന്ന സർക്കാരുകളും ഏതിനെയും വിമർശിക്കുന്ന മാധ്യമങ്ങളുമാണ് കേരളത്തിലുള്ളത്. തമിഴ്നാട്ടിൽ രണ്ടായിരം ഏക്കർ സ്ഥലം സൗജന്യമായി തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടിട്ട് എന്താ കാര്യം?”.
“ആദ്യം ഉമ്മൻചാണ്ടിയെ കാണൂ, അതിനുശേഷം തീരുമാനമെടുക്കാം” എന്നാണ് ഞാൻ അദ്ദേഹത്തിന് നൽകിയ മറുപടി.
അങ്ങിനെയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവും, സെക്രട്ടറി ജിജി തോംസണും, പ്ലാനിങ് ബോർഡ് വൈസ് ചെയർമാനും മുൻ ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്ന കെ. എം. ചന്ദ്രശേഖരനും കൂടി എന്റെ ഔദ്യോഗിക വസതിയായ 17-ബെൽവന്ത് റായ് മേത്തയിൽ വന്നത്.
ഗൗതം അദാനി എന്റെ മറ്റൊരു സുഹൃത്തായ മഹേഷ് ബക്ചന്ദയോടൊപ്പമാണ് എത്തിയത്. എല്ലാവരും കൂടി നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ചു. അപ്പം- സ്റ്റ്യൂ, പുട്ട്-കടല ഉൾപ്പെടെയുള്ള കേരള ഭക്ഷണമാണ് നൽകിയത്. ഭക്ഷണത്തിനുശേഷം ഗൗതം അദാനിയും ഉമ്മൻചാണ്ടിയും എന്റെ കിടപ്പ് മുറിയിലേക്ക് കയറി. ഏതാണ്ട് 15 മിനിറ്റ് അവർ സംസാരിച്ചു. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. ശേഷം രണ്ടുപേരും ചിരിച്ചുകൊണ്ട് ഇറങ്ങിവന്നു. ഗൗതം ഭായി പറഞ്ഞു “പ്രൊഫസർ ഐ വിൽ കം ടു കേരള”.
പിന്നീട് ഞാൻ മനസ്സിലാക്കിയത് അന്നത്തെ പ്രതിപക്ഷനേതാവ് അച്യുതാനന്ദൻ, ബിജെപിയുടെ സംസ്ഥാന നേതാക്കൾ എന്നിവരെ ഗൗതം ഭായ് തിരുവനന്തപുരത്ത് പോയി കണ്ടു എന്നാണ്. ഈ പദ്ധതിയുടെ ആവശ്യകതയെ കുറിച്ച് സോണിയ ഗാന്ധിയെ ഉമ്മൻചാണ്ടി പിന്നീട് മനസ്സിലാക്കിയിരുന്നുവെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു.
അദാനി ഗ്രൂപ്പ് കേരളത്തിൽ വരുന്നതിനെതിരെ പല കോൺഗ്രസ്സ് നേതാക്കളും ഉമ്മൻചാണ്ടിക്ക് കത്തെഴുതി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു. തുടർന്ന് ഔപചാരികമായ ഉദ്ഘാടനം ഉമ്മൻചാണ്ടിയുടെയും ഗൗതം അദാനിയുടെയും സാന്നിധ്യത്തിൽ നടന്നു. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസ്സിനെ സാമ്പത്തികമായി സഹായിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായിരുന്നു. പക്ഷെ ഉമ്മൻചാണ്ടി ആ സഹായം നിഷേധിക്കുകയായിരുന്നു.
പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത് പിണറായി വിജയൻ സർക്കാരാണ്. തിരുവനന്തപുരം അതിരൂപത ഉൾപ്പെടെയുള്ളവരിൽ നിന്ന് അതിശക്തമായ എതിർപ്പുണ്ടായി. ഒരു സമര പരമ്പര തന്നെ അരങ്ങേറി. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ വരെ ആക്രമിച്ചു. എന്നാൽ സമചിത്തതയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവരെയും കൂടെ ചേർത്തു നിർത്തി, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി മുന്നോട്ടുപോയി. മുതലപ്പൊഴി ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ പല പ്രശ്നങ്ങളും ഇനിയും പരിഹരിക്കേണ്ടതുണ്ട് എന്ന് വിസ്മരിക്കുന്നില്ല.
പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കി രാജ്യത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്.
Discussion about this post