വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

Published by
Brave India Desk

ലണ്ടൻ : വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് നിരോധനം ഏർപ്പെടുത്തി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). വനിതാ ക്രിക്കറ്റിന്റെ ഏത് തലത്തിലും മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഓപ്പൺ, മിക്സഡ് ക്രിക്കറ്റുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് പങ്കെടുക്കാം എന്നും ഇസിബി അറിയിച്ചു.

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ട്രാൻസ്ജെൻഡർ ബോക്സിങ് താരം ആയ ഇമെൻ ഖലീഫയെച്ചൊല്ലി വലിയ വിവാദം ഉയർന്നതിന് പിന്നാലെ ഉണ്ടായ തീരുമാനങ്ങളുടെ ഭാഗമായിട്ടാണ് ഇസിബി യുടെ പുതിയ നടപടി. ജൈവശാസ്ത്രപരമായി സ്ത്രീകളായ കളിക്കാരെ മാത്രമേ ഇനി വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാക്കൂ എന്ന് ഇസിബി വ്യക്തമാക്കി.

സ്ത്രീ എന്നതിന്റെ നിർവചനം ജൈവിക ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആയിരുന്നു നേരത്തെ യുകെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളെ സ്ത്രീ എന്ന് വിളിക്കാൻ ആകില്ല എന്നും യുകെ സുപ്രീംകോടതി വിധിയിൽ പറയുന്നു. ഇംഗ്ലണ്ടിലെയും സ്കോട്ട്ലൻഡിലെയും ഫുട്ബോൾ അസോസിയേഷനുകളും കഴിഞ്ഞദിവസം സുപ്രീംകോടതി വിധി മാനിച്ച് ട്രാൻസ്ജെൻഡറുകളെ വനിതാ ഫുട്ബോളിൽ നിന്നും വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ചേർന്ന ഇ സി ബി യോഗത്തിൽ വനിതാ ക്രിക്കറ്റിലും ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Share
Leave a Comment

Recent News