ന്യൂഡൽഹി:മറ്റൊരു പാകിസ്താൻ നയതന്ത്രജ്ഞനെ കൂടി ഇന്ത്യ പുറത്താക്കി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം നൽകികൊണ്ടാണ് തീരുമാനം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവം.
‘ഒരു പാകിസ്താൻ നയതന്ത്രജ്ഞനെ ‘പേഴ്സണ നോൺ ഗ്രാറ്റ’ അതായത് ആവശ്യമില്ലാത്ത വ്യക്തിയായി പ്രഖ്യാപിക്കുകയും ഇന്ത്യ വിടാൻ നിർദ്ദേശിക്കുകയും ചെയ്തു’,വിദേശകാര്യ മന്ത്രാലയം (എംഇഎ) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.ഔദ്യോഗിക നയതന്ത്ര തീരുമാനങ്ങൾക്ക് അനുസരിച്ചല്ല ഉദ്യോഗസ്ഥൻ പ്രവർത്തിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവിട്ടിട്ടുണ്ട്, മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പാകിസ്താൻ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.ഇന്ത്യയിലെ നയതന്ത്രജ്ഞർ അവരുടെ പദവികളും പദവിയും ദുരുപയോഗം ചെയ്യുന്നില്ലെന്ന് പാകിസ്താൻ ഉറപ്പുവരുത്തണമെന്ന് ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
“നയതന്ത്ര പദവിക്ക് അനുയോജ്യമല്ലാത്ത ഒരു പ്രവർത്തനത്തിലും ഒരു പാകിസ്താൻ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പാകിസ്താൻ ഹൈക്കമ്മീഷന്റെ ആക്ടിംഗ് ചീഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം നയതന്ത്രജ്ഞന്റെ വ്യക്തിപരമായ വിശദാംശങ്ങളോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളോ പരസ്യമാക്കിയിട്ടില്ല. ഈ നീക്കം ഇന്ത്യയുടെ സുരക്ഷാ നിലപാടുകളെയും വിദേശനയത്തിലെ ഇന്ത്യയുടെ ശക്തമായ തീരുമാനങ്ങളെയുമാണ് എടുത്തുകാട്ടുന്നതെന്ന് നയതന്ത്ര വിദഗ്ദ്ധർ അറിയിച്ചു.
രഹസ്യാന്വേഷണ പ്രവർത്തനങ്ങൾങ്ങളുടെ പേരിലും നിയമലംഘനത്തിനും ഇതിനു മുമ്പും ഇന്ത്യ നിരവധി പാകിസ്താൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട് . ഇന്ത്യയുടെ സുരക്ഷയുടെയും പരമാധികാരത്തിന്റെയും കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കാൻ ഇന്ത്യ തയ്യാറല്ലെന്ന് ഈ പുതിയ സംഭവം വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു.
Discussion about this post