തമ്മിലടി ഉച്ചസ്ഥായിയിൽ ; എപ്‌സ്റ്റീനൊപ്പമുള്ള ട്രംപിന്റെ വീഡിയോ പുറത്തുവിട്ട് ഇലോൺ മസ്ക് ; ഇനി ആജന്മ ശത്രുക്കൾ

Published by
Brave India Desk

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ടെസ്‌ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കും തമ്മിലുണ്ടായ അസ്വാരസ്യം ഇപ്പോൾ കടുത്ത ശത്രുതയിലേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും പരസ്പരമുള്ള പഴിചാരലുകളും ഭീഷണികളും കഴിഞ്ഞ ദിവസങ്ങളിൽ ലോകം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ യുഎസിലെ കുപ്രസിദ്ധ കുറ്റവാളി ആയിരുന്ന എപ്‌സ്റ്റീനൊപ്പമുള്ള ട്രംപിന്റെ ഒരു പഴയകാല വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് മസ്ക്. അമേരിക്കയിൽ വലിയ രാഷ്ട്രീയ കോലാഹലത്തിനാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.

ലൈംഗിക കടത്തുകാരനും ബാല ലൈംഗിക കുറ്റവാളിയുമായ അന്തരിച്ച അമേരിക്കൻ കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം ഡൊണാൾഡ് ട്രംപ് ഒരു പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇലോൺ മസ്ക് പുറത്തു വിട്ടിട്ടുള്ളത്. 1992 ൽ ചിത്രീകരിച്ചിട്ടുള്ളതാണ് ഈ വീഡിയോ. പാർട്ടിയിൽ ട്രംപ് നിരവധി സ്ത്രീകളോടൊപ്പം നൃത്തം ചെയ്യുന്നതും കാണാവുന്നതാണ്. എപ്സ്റ്റീനെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ അമേരിക്കൻ ഭരണകൂടം ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതാണ്. ഈ ഫയലുകളിൽ ഡൊണാൾഡ് ട്രംപിന്റെ പേര് ഉണ്ട് എന്നാണ് ഇലോൺ മസ്ക് അഭിപ്രായപ്പെടുന്നത്.

‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് വിളിക്കപ്പെടുന്ന ട്രംപിന്റെ വിപുലമായ നിയമനിർമ്മാണ നിർദ്ദേശത്തെ മസ്‌ക് കടുത്ത ഭാഷയിൽ വിമർശിച്ചതാണ് അമേരിക്കൻ പ്രസിഡണ്ടും മസ്കും തമ്മിലുള്ള സൗഹൃദം വഷളാക്കിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചതോടെ തർക്കം കൂടുതൽ വഷളായി. മസ്‌കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ കരാറുകളും റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതോടെ ഇരുവരും തമ്മിൽ ആജന്മ ശത്രുതയിലേക്ക് നീങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് മസ്ക് ഇപ്പോൾ എപ്‌സ്റ്റീനൊപ്പമുള്ള ട്രംപിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Share
Leave a Comment

Recent News