ന്യൂഡൽഹി : 2047 ഓടെ ഇന്ത്യയെ കായികരംഗത്ത് ആഗോളതലത്തിൽ ടോപ്പ്-5ലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ച് പുതിയ കായിക നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ പുതിയ ദേശീയ കായിക നയം (എൻഎസ്പി) 2025ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്തിന്റെ കായിക ഭൂപ്രകൃതി പുനർനിർമ്മിക്കുന്നതിനും കായിക വിനോദങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ പുതിയ കായിക നയം.
നിലവിലുള്ള 2001 ലെ ദേശീയ കായിക നയത്തിന് പകരമായാണ് പുതിയ കായിക നയം പ്രഖ്യാപിച്ചിരിക്കുന്നത്. 2036 ലെ ഒളിമ്പിക് ഗെയിംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നതിനുള്ള ശക്തമായ മത്സരാർത്ഥിയായി രാജ്യത്തെ മാറ്റുന്നത് പുതിയ കായിക നയത്തിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ 11 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കായികരംഗത്ത് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിൽ ഗ്രാമീണ മേഖലയിലെ പ്രതിഭകളെ മുന്നോട്ട് കൊണ്ടുവരുന്നതിന് കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട് എന്നും കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങൾ വ്യക്തമാക്കിക്കൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
സ്പോർട്സിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുക എന്നതാണ് പുതിയ ദേശീയ കായിക നയം രണ്ടാമതായി ലക്ഷ്യം വയ്ക്കുന്നത് എന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര മന്ത്രാലയങ്ങൾ, നീതി ആയോഗ്, സംസ്ഥാന സർക്കാരുകൾ, ദേശീയ കായിക ഫെഡറേഷനുകൾ (എൻഎസ്‌എഫ്), കളിക്കാർ, കായിക വിദഗ്ധർ, പൊതു പങ്കാളികൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് എൻഎസ്‌പി 2025 തയ്യാറാക്കിയത്. പുതിയ ദേശീയ കായിക നയത്തിന് കീഴിൽ കായികരംഗത്തെ ടൂറിസവുമായും സാമ്പത്തിക വികസനവുമായും ബന്ധിപ്പിക്കും. താഴെത്തട്ടിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ, കളിക്കാരുടെ വികസനം എന്നിവയെ പിന്തുണയ്ക്കുന്നതിനും ഈ ചരിത്രപരമായ നയം വഴി സാധ്യമാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
Leave a Comment